കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് കമല്‍ഹാസന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരള പൊലീസിന്റെ പങ്കാളിത്തത്തെ പ്രശംസിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയ്യാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും നടന്‍ പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം പ്രചോദനമാകുന്ന ഗാനമെന്നാണ് കമല്‍ഹാസന്‍ ഗാനത്തെ വിശേഷിപ്പിച്ചത്.

‘ഗംഭീരം, കാക്കിയിട്ട ആളാണ് ഇത് പാടുന്നതെന്നത് വളരെ സന്തോഷം നല്‍കുന്നു. ഇത്തരം ഒരു ആശയം മുന്നോട്ട് കൊണ്ടുവന്ന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്’, സന്ദേശത്തില്‍ കമല്‍ ഹാസന്‍ പറയുന്നു.

കമല്‍ ഹാസന് നന്ദി അറിയിച്ച് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്‍ഹാസന് എഴുതിയ കത്തില്‍ ബെഹ്‌റ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് കേരള പൊലീസ് കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കമല്‍ഹാസന്റെ വാക്കുകള്‍ കേരള പൊലീസിലെ ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണെന്നും കത്തില്‍ പൊലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *