കൊവിഡ് 19 മൂലമുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത മൂന്നുമാസത്തേക്ക്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അധിക ചാര്‍ജ് ഈടാക്കുകയില്ലെന്നും, സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയതായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി അറിയിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂണ്‍ 30ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12ല്‍ നിന്ന് 9 ശതമാനമായി കുറയ്ക്കുകയും ചെയ്തു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിഥിയും ജൂണ്‍ 30 ആക്കി. 5 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ യതൊരു പിഴയും അടയ്‌ക്കേണ്ട.
ആധാര്‍, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി ജൂണ്‍ 30ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തിയതി. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പാക്കേജ് ഇപ്പോഴില്ലെന്നും, പക്ഷെ വൈകാതെ പ്രഖ്യാപിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *