ബെയ്ജിങ്: കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ചൈനയിൽ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം തുടങ്ങിയെന്ന് ആശങ്ക. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 1541 പേരിൽ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ വിഭാഗമായ നാഷണൽ ഹെൽത്ത് കമ്മിഷൻ (എൻ.എച്ച്.സി.) ബുധനാഴ്ച വെളിപ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവർ തിങ്കളാഴ്ച മുതൽ നിരീക്ഷണത്തിലാണ്. ഇതിൽ വിദേശത്തുനിന്നെത്തിയ 205 പേരുമുൾപ്പെടുന്നതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ടു ചെയ്തു. ലക്ഷണങ്ങൾ പ്രകടിപ്പിച്ച 35 പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ ആകെ 81,554 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3312 പേർ മരിച്ചു.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലേർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണമുൾപ്പെടെയുള്ള വിലക്കുകൾ തിങ്കളാഴ്ചയാണ് നീക്കിയത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളിൽനിന്ന് വളരെ വേഗം വൈറസ് വ്യാപിക്കുമെന്നും എൻ.എച്ച്.സി. പറഞ്ഞു. അതേസമയം, ഇവർക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന കാര്യം അവ്യക്തമാണെന്നും എൻ.എച്ച്.സി. റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *