ചൈനയിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ ഇല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച്ച രാവിലെ വരെ 78 പേർക്കാണ് രോഗ ലക്ഷണങ്ങൾ ഇല്ലാതെ കൊറോണ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 31 പേർക്ക് കൂടിയാണ് ഇത്തരത്തിൽ രോഗമുണ്ടായത്. നേരത്തെ 47 പേരായിരുന്നു ലക്ഷണമില്ലാത്ത രോഗാവസ്ഥ പ്രകടമാക്കിയത്.
ചൈനയിൽ പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഞായറാഴ്ച്ച പുതിയതായി 39 പേർക്കും കൂടി രോഗം കണ്ടെത്തി. ഇതിൽ 38 പേരും വിദേശത്ത് നിന്നും വന്നവരാണ്. ശനിയാഴ്ച്ച പുതിയതായി രോഗം പിടിപ്പെട്ടവരുടെ എണ്ണം 30 ആയിരുന്നു. ഇതിൽ 25 പേരാണ് വിദേശത്ത് നിന്നും വന്നത്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ചൈനയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യ ഘട്ട വ്യാപനത്തിന് ശേഷം ചൈനയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവർക്ക് രോഗം കണ്ടെത്തുന്നതും രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും രോഗമുള്ളതായി സ്ഥിരീകരിക്കുന്നതും ചൈനയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ലോകമെങ്ങും വൈറസ് പടർന്നു പിടിക്കുന്നതിനാൽ നിലവിൽ വിദേശ പൗരന്മാർക്ക് ചൈനയിലേക്ക് യാത്രാനുമതി ഇല്ല. എന്നാൽ വിദേശത്ത് നിന്നും തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാർക്കാണ് രോഗം പുതിയതായി സ്ഥിരീകരിക്കുന്നത്.
ചൈനയിൽ ഇതുവരെ 82,626 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,333 പേർ മരിച്ചു. ഇതിൽ ബഹുഭൂരിപക്ഷം പേരും ഹുബെ പ്രവിശ്യയിൽ ഉള്ളവരാണ്.
ലോകത്ത് 1,273,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 69,419 പേർ മരിച്ചു. 2,60,193 പേർക്ക് രോഗം ഭേദമായി.ഏറ്റവുമധികം പേർക്ക് രോഗമുള്ളത് അമേരിക്കയിലാണ്. 3,37,274 പേർക്കാണ് അമേരിക്കയിൽ രോഗമുള്ളത്. 9,633 പേർ കൊറോണ വൈറസ് മൂലം മരിച്ചു. ഇതിൽ 2,256 മരണം സംഭവിച്ചത് ന്യൂയോർക്കിലാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. സ്പെയിനിലും അമേരിക്കയിലും ഫ്രാൻസിലുമാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. യുകെയിൽ 4934, ഇറാനിൽ 3603, എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *