നാഷ്ണൽ ഡസ്ക് : ഇന്ത്യയുടെ പ്രീമിയർ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യക്ക് (പി.ടി.ഐ) 84.48 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ട കേന്ദ്രം നോട്ടീസ് അയച്ചു. കേന്ദ്ര ഭവന,ന​ഗര വകുപ്പ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ പാർലമെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.ടി.ഐ ആസ്ഥാനത്തിന്റെ ലീസ് ഇനത്തിലുളള കുടിശ്ശികയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജൂലൈ 7 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ പി.ടി.ഐ അധികൃതർക്ക് നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. (13 ജൂലൈ) നോട്ടീസ് ഇഷ്യു ചെയ്ത തിയ്യതിയിൽ നിന്നും 30 ദിവസത്തിനകം പി.ടി.ഐ തുക അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോൾ നൽകിയ കാലാവധിക്കു മുമ്പ് തുക അടക്കാൻ പറ്റുന്നില്ലെങ്കിൽ ആകെയുളള കൂടിശ്ശികയായ 84.48 കോടി രൂപയുടെ 10 ശതമാനം പലിശ അടക്കാൻ നോട്ടീസിൽ പറയുന്നുണ്ട്. അതെസമയം, കുടിശ്ശിക സംബന്ധിച്ച് പി.ടി.ഐ വിശദീകരണം ചോദിച്ചതായും റിപ്പോർട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകിയതിന്റെ പേരിൽ പ്രസാർ ഭാരതി പി.ടി.ഐ സബ്സ്ക്രിപ്ഷൻ പിൻവലിക്കുമെന്ന് രണ്ടാഴ്ച്ച മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ദേശദ്രോ​ഹ വാർത്തകൾ നൽകുന്നുവെന്നായിരുന്നു പ്രസാർ ഭാരതിയുടെ മുഖ്യ ആരോപണം. ചൈനയുടെ ഇന്ത്യൻ സ്ഥാനപതിയുമായി നടത്തിയ അഭിമുഖമാണ് പ്രസാർ ഭാരതിയെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *