വെബ്ഡെസ്ക് : പാർലമെന്റ് വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്നു കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ സാധാരണ നിലയിൽ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പാർലമെന്റ് അംഗങ്ങൾ കോവിഡ് നിർണയ പരിശോധന അടക്കം മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം. ആഴ്ചയുടെ അവസാനം അവധി നൽകാതെ തുടർച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബർ 14ന് ലോക്സഭ രാവിലെ ഒമ്പതിന് ചേർന്ന് ഒരു മണിക്കും രാജ്യസഭ ഉച്ചക്ക് മൂന്നിന് തുടങ്ങി വൈകീട്ട് ഏഴിനും അവസാനിക്കും.
സെപ്തംബർ 15 മുതൽ രാജ്യസഭയുടെ പ്രവർത്തനം രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും ലോക്സഭയുടേത് ഉച്ചക്ക് മൂന്ന് മുതൽ വൈകീട്ട് ഏഴുവരെയുമാകും. ഇരു സഭകളും നാലു മണിക്കൂർ മാത്രമാകും ചേരുക. സെപ്തംബർ 14ന് ആരംഭിക്കുന്ന വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കും.