കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ദുല്‍ഖര്‍ സല്‍മാന്‍. താഴേത്തട്ടില്‍ മുതല്‍ കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും നടത്തിയാണ് രാജ്യത്ത് കേരളം മാതൃകയായതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒന്നിന് പിന്നെ ഒന്നായി ദുരന്ത സാഹചര്യങ്ങളിലൂടെ പോകുന്ന സംസ്ഥാനമാണ് കേരളം. രണ്ട് പ്രളയവും നിപ്പാ വൈറസ് ബാധയും നേരിട്ട അനുഭവ പരിചയം കേരളത്തിനുണ്ട്. ആരോഗ്യമന്ത്രി വിവിധ ഘട്ടങ്ങളിലാണ് പ്രാപ്തി തെളിയിച്ചിട്ടുള്ള ആളാണ്. മുഖ്യമന്ത്രിയും അത് പോലെ തന്നെ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു കാര്യം പറയുമ്പോഴും, ഒരു നിര്‍ദേശം നല്‍കുമ്പോഴും അതിന്റെ ഗൗരവം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. രാജീവ് മസന്ദിനോടാണ് പ്രതികരണം.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞു. കൊവിഡ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചെന്നൈയില്‍ ഷൂട്ടിംഗിലായിരുന്നു. കേരളത്തില്‍ കൊവിഡ് കേസുകള്‍ പെരുകുന്നത് കണ്ട് പലരും സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രളയമുള്‍പ്പെ പ്രതിസന്ധികളെ ഫലപ്രദമായ നേരിട്ട അനുഭവസമ്പത്ത് കേരളത്തിന് കരുത്തായി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം തയ്യാറായിരുന്നുവെന്ന് വേണം കരുതാന്‍. ലോക്ക് ഡൗണ്‍ കര്‍ശനമായും ഫലപ്രദമായും നടപ്പാക്കി.

എന്റെ ഒരു കസിന്‍ ചെക്കപ്പിനായി പുറത്ത് പോയപ്പോള്‍ പറഞ്ഞത് ലക്ഷ്യസ്ഥാനത്ത് എത്തുവരെ ഓരോ പോയിന്റിലും കൃത്യമായ പരിശോധന നടക്കുന്നുവെന്നാണ്. ഗ്രൗണ്ട് ലെവലില്‍ തന്നെ ഇക്കാര്യം പരിശോധനകള്‍ ഉറപ്പാക്കിയിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേ പടി പാലിക്കുന്നതില്‍ ജനങ്ങളും വിട്ടുവീഴ്ച വരുത്തിയില്ല. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. ടെസ്റ്റുകളുടെ കാര്യത്തിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും സുതാര്യതയും കൃത്യതയും ഉണ്ടായി. ടൂറിസത്തിനെത്തിയവരെയും വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെയും കൃത്യമായി നിരീക്ഷിക്കാനും പരിശോധന നടത്താനും കഴിഞ്ഞു.

കൊവിഡ് അതിജീവനത്തിന് കേരളത്തെ മറ്റുള്ളവര്‍ മാതൃകയാക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് ദുല്‍ഖറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *