രാജേഷ് തില്ലങ്കേരി
സ്വർണകടത്ത്, ലഹരിമാഫിയ, ലൈഫ് ഭവന പദ്ധതി തട്ടിപ്പ് എന്നിവയിൽ സി പി എമ്മും പിണറായി സർക്കാരും കൂടുതൽ പ്രതിരോധത്തിലേക്ക്. മന്ത്രി ഇ പി ജയരാജന്റെ മകൻ ലൈഫ് പദ്ധതിയിൽ ഇടനിലക്കാരനായി എന്നും കമ്മീഷൻ കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് സി പിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
ജയരാജനോ, അദ്ദേഹത്തിന്റെ മകനോ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് ബാധിതനായ ജയരാജനും ഭാര്യയും പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
കോവിഡ് നിരീക്ഷണത്തിലിരിക്കെ ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കേരളാ ബാങ്കിലെത്തി ലോക്കറിൽ ഇടപാട് നടത്തിയത് വിവാദമായിരിക്കയാണ്.
സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്നസുരേഷുമായുള്ള ബന്ധമാണ് മന്ത്രി പുത്രന് കുരുക്കാവുന്നത്. ഒരു കോടി രൂപ കമ്മീഷൻ കൈപ്പറ്റിയെന്നാണ് ജയരാജന്റെ മകനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. മന്ത്രിപുത്രനെ ഇ ഡിയും കസ്റ്റംസും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ ആരോപണ വിധേയനായത് സ്വപ്നയുമായുള്ള അടുപ്പത്തിലാണ്. യു ഏ ഇ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരം ഖുർആനും ഭക്ഷ്യധാന്യകിറ്റും വിതരണം ചെയ്യുന്നതിനായി മാത്രമാണ് സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം. എന്നാൽ മന്ത്രിയുടെ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി ആപ്റ്റിന്റെ വാഹനത്തിൽ ദുരൂഹമായി ഖുർ ആൻ കയറ്റിക്കൊണ്ടുപോയതാണ് കെ ടി ജലീൽ സംശയത്തിന്റെ നിഴലിലായത്. ഇഡി പ്രധാനമായും അന്വേഷിച്ചതും അതുതന്നെ. ഗുരുതരമായ പ്രൊട്ടോക്കോൾ ലംഘനം നടന്നുവെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ.
പാരിതോഷികങ്ങളും പണവും കൈപ്പറ്റണമെങ്കിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഈ ചട്ടമാണ് മന്ത്രി കെ ടി ജലീൽ ലംഘിച്ചിരിക്കുന്നത്.
സാധാരണ നിലയിൽ വിദേശത്തുനിന്നും ഖുർ ആൻ പോലുള്ള മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാറില്ലെന്നിരിക്കെ എന്തിനാണ് ഖുർ ആൻ യു എ ഇയിൽ നിന്നും കേരളത്തിലെത്തിച്ചതെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
കോൺസുലേറ്റിന് വാനമുണ്ടായിരിക്കെ ഖുർ ആൻ മലപ്പുറത്തേക്ക് എത്തിക്കാൻ എന്തിനാണ് സി ആപ്റ്റിന്റെ വാഹനം ഉപയോഗിച്ചതെന്നും, സി ആപ്റ്റിന്റെ രേഖകളിൽ വ്യക്തമായി രേഖപ്പെടുത്താതെ വാഹനത്തിൽ എന്താണ് കയറ്റിയത് . സി ആപ്റ്റുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഖുർ ആൻ എന്തിനാണ് അവിടേക്ക് കൊണ്ടുവന്നത്. തുടങ്ങിയ ചോദ്യങ്ങൾക്കാണ് മന്ത്രിയിൽ നിന്നും വ്യക്തമായ മറുപടി തേടുന്നത്.
സി ആപ്റ്റിന്റെ വാഹനം കള്ളക്കടത്തിന് ഉപയോഗിച്ചുവോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കസ്റ്റംസും എൻ ഐ എയും മന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ആരോപണം.
മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്റെ മകനും ആരോപണ വിധേയനായതോടെ പാർട്ടിയിലെ കണ്ണൂർ ലോബി കടുത്ത പ്രതിരോധത്തിലാണ്.
അന്വേഷണ ഏജൻസികളെ ഇതുവരെ തള്ളിപ്പറയാതിരുന്ന സി പി എം നേതൃത്വം കേന്ദ്ര ഏജൻസികൾക്കെതിരെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവും ശക്തമാണ്.
അന്വേഷണം കൂടുതൽ ശക്തമാവുമ്പോൾ ചിലർക്ക് നെഞ്ചിടിപ്പ് കൂടുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബൂമറാംഗ് ആവുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബാംഗ്ലൂർ ലഹരിക്കേസിൽ ആരോപണ വിധേയനായി ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായത് കഴിഞ്ഞ ആഴ്ചയാണ്. ബനീഷിനെ കസ്റ്റംസ്, എൻ ഐ എ തുടങ്ങിയ ഏജൻസികൾ ഉടൻ ചോദ്യം ചെയ്യും. ഒപ്പം നർക്കോട്ടിക്ക് സെല്ലും ബിനീഷിനെ ചോദ്യം ചെയ്യാനായി ഒരുങ്ങുകയാണ്.
ഒരു പ്രമുഖ സി പി എം നേതാവിന്റെ മകനാണ് സ്വപ്നയെ ജയരാജന്റെ മകനുമായി പരിചയപ്പെടുത്തിയതെന്നാണ് പുതിയ ആരോപണം. ഇതെല്ലാം സി പി എമ്മിനെയും സർക്കാരിനെയും ഒരുപോലെ കുരുക്കിലാക്കുന്നതാണ്.
എന്തായാലും സ്വർണക്കേസും അനുബന്ധകേസുകളും വലിയ തിരിച്ചടിയാവുമെന്നുതന്നെയാണ് സി പി എം വിലയിരുത്തൽ