രാജേഷ് തില്ലങ്കേരി

യു ഡി എഫിൽ നിന്നും ഇടഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഇടതുപക്ഷത്തേക്ക് പോകണോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി.
ഭൂരിപക്ഷം മാണി ആരാധകരും ജോസ് കെ മാണിയുടെ ഇടത് പ്രവേശത്തെ എതിർത്തിരുന്നതും പാലാ ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ജോസ് കെ മാണിയെ ആദ്യഘട്ടത്തിൽ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ പ്രസ്റ്റീജ് സീറ്റ് തട്ടിത്തകർത്തതിനു പിന്നിൽ പി ജെ ജോസഫും ചില യു ഡി എഫ് നേതാക്കളുമാണെന്നായിരുന്നു ജോസ് കെ മാണിയുടെ ആരോപണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത പി ജെ ജോസഫിനെ പരിഗണിക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസിൽ പടലപ്പിണക്കം ഉടലെടുക്കുന്നത്. പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (ജോസഫ് ) ഗ്രൂപ്പ് നേരത്തെ ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. കേരളാ കോൺഗ്രസുകളുടെ ഐക്യം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പി ജെ ജോസഫ് മന്ത്രി സ്ഥാനം രാജിവച്ച് സ്വന്തം എം എൽ എ മാരുമായി കേരളാ കോൺഗ്രസ് എമ്മിലേക്ക് ചേക്കേറിയത്. ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പോയ ഐക്യം അധികാര രാഷ്ട്രീയത്തിൽ ചില വിള്ളലുകൾ വരുത്തി. കെ എം മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുമ്പോഴും ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന ജോസഫ് ഗ്രൂപ്പിന്റെ നേതാക്കളുടെ നിലപാട് ശക്തമായി. അനൈക്യം ശക്തമായ ഘട്ടത്തിലാണ് കെ എം മാണിയുടെ മരണം. ഇതോടെ അകൽച്ച ശക്തമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുണ്ടായ അകൽച്ച കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കി. അവിടെ വച്ചാണ് ജോസ് കെ മാണിക്ക് എൽ ഡി എഫ് ബന്ധം ഉണ്ടാവുന്നത്. ജോസഫ് പക്ഷത്തിന്റെ സ്ഥാനാർത്ഥിക്കെതിരെ നിലപാട് കടുപ്പിച്ച് തന്റെ പക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയാണ് ജോസ് കെ മാണി ജോസഫിന് മറുപടി കൊടുത്തത്. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമടക്കം വിവാദമായി. ഒടുവിൽ ജോസ് കെ മാണി തീരുമാനിച്ച യു ഡി എഫ് സ്ഥാനാർത്ഥി ദയനീയമായി തോറ്റു. കെ എം മാണി അമ്പത് വർഷം നെഞ്ചോടു ചേർത്തു വച്ച പാലാ കൈവിട്ടുപോയതോടെ ജോസ് കെ മാണി പി ജെ ജോസഫിന്റെ കടുത്ത രാഷ്ട്രീയ ശത്രുവായി മാറി.
എൻ സി പിയിലെ മാണി സി കാപ്പനാണ് പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. കെ എം മാണിയെ കഴിഞ്ഞ 20 വർഷമായി നേരിട്ടുകൊണ്ടിരുന്ന മാണി സി കാപ്പന്റെ വിജയം വലിയ നേട്ടമായി എൽ ഡി എഫും ഉയർത്തിക്കാട്ടി. ഇതോടെ ജോസ് കെ മാണിയും പി ജെ ജോസഫും നേതൃത്വം കൊടുക്കുന്ന രണ്ട് പാർട്ടികൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ രണ്ടില ചിഹ്നം വിട്ടുകൊടുക്കാൻ പി ജെ ജോസഫ് തയ്യാറായില്ല.

ഇതിനിടയിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ പി ജെ ജോസഫ് തീരുമാനിക്കുന്നത്. യു ഡി എഫ് നേതൃത്വവും അക്കാര്യം അംഗീകരിച്ചു. മുന്നണി തീരുമാനം അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല. അതോടെയാണ് യു ഡി എഫ് ജോസ് കെ മാണിയെ മാറ്റി നിർത്തുന്നതായി പ്രഖ്യാപിച്ചത്.

കാനത്തിന്റെ ശക്തമായ എതിർപ്പുണ്ടായതോടെ ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള നീക്കം തൽക്കാലം നടപ്പായില്ലെങ്കിലും ഇടതുമുന്നണിയിലേക്ക് സി പി എം ജോസിന്റെ കേരളാ കോൺഗ്രസിനെ കോടിയേരി സ്വാഗതം ചെയ്തു. കോട്ടയം തുടങ്ങിയ ജില്ലകളിൽ ശക്തിയുള്ള പാർട്ടിയാണ് ജോസ് കെ മാണിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർട്ടിഫിക്കറ്റ് കൊടുത്തു. ഇതോടെ ഇടതുനീക്കം ജോസ് പക്ഷം ശക്തമാക്കി. ചിഹ്നം തിരികെ കിട്ടിയതോടെ ജോസ് കെ മാണിയെ തിരികെ എത്തിക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് യു ഡി എഫും മാറി. ജോസ് കെ മാണിയെ മുന്നണിയിൽ നിന്നും പുറത്താക്കിയതല്ല, മറിച്ച് തല്ക്കാലത്തേക്ക് മാറ്റി നിർത്തിയതാണെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ നിലപാട്.
എന്നാൽ കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി ഇടതു പക്ഷ ബന്ധത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പി ജെ ജോസഫുമായുള്ള സഹകരണം വേണ്ട എന്ന ശക്തമായ നിലപാട്.
പാലാ സീറ്റ് ഏതു വിധേനയും തിരികെ പിടിക്കുക എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. അത് കേരളാ കോൺഗ്രസ് എം എന്ന പാർട്ടിക്ക് അനിവാര്യമാണ്. യു ഡി എഫിൽ നിന്നാൽ മാണി സി കാപ്പൻ അടുത്ത ഇലക്ഷനിലും പാലായിൽ നിന്നും പുഷ്പം പോലെ ജയിച്ചു കയറും. ഇതോടെ പാലാ പാർട്ടിയുടെ കാറ്റുപോവും. ഇടതുമുന്നണിയിലേക്ക് വന്നാൽ മാണി സി കാപ്പൻ മൽസരിക്കാൻ ഉണ്ടാവില്ല. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ച് പാലായിൽ മൽസരിച്ചാൽ വിജയിക്കുമെന്നുമാണ് കണക്കുകൂട്ടലുകൾ.
എന്നാൽ എൻ സി പി അതിന് തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ പിന്നെയും കുഴയും. മാണി സി കാപ്പൻ എൻ സി പിയുടെ വോട്ടിലൊന്നുമല്ല വിജയിക്കുന്നത്. മാണി സി കാപ്പന് നല്ല വ്യക്തി ബന്ധമുള്ള മണ്ഡലമാണ് പാല. പാല വിട്ടുകൊടുത്ത് രാജ്യസഭയിലേക്ക് പോകാൻ മാണി സി കാപ്പന് താല്പര്യമില്ല. അതേസമയം മാണി സി കാപ്പൻ സ്വതതന്ത്രനായി മൽസരിക്കാൻ തയ്യാറാവുകയും യു ഡി എഫ് പിന്തുണ ഉറപ്പാക്കുകയും ചെയ്താൽ കാപ്പൻ ജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എം എൽ എ എന്ന നിലയിൽ വളരെ കുറച്ചുകാലമേ കാപ്പൻ പാലായിൽ പ്രവർത്തിച്ചിട്ടുള്ളൂ. പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതിയിരുന്നു വെങ്കിലും അത് ലഭിക്കാത്തതിന്റെ ചെറിയൊരു നീരസം കാപ്പനുണ്ട്.

രണ്ടിലചിഹ്നത്തിന്റെ അവകാശം പുനസ്ഥാപിച്ചു കിട്ടിയതോടെ ജോസ് കെ മാണിയുടെ റേറ്റിംഗ് വർദ്ധിച്ചു. ഇതോടെയാണ് ഇടതുമുന്നണി ജോസ് കെ മാണിയെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള നീക്കം ഒരു ഇടവേളയ്ക്കു ശേഷം ശക്തിപ്പെടുത്തിയത്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് ആദ്യം തടയിട്ടത് സി പി ഐ ആയിരുന്നു. എന്നാൽ രണ്ടില ചിഹ്നം തിരിച്ചു കിട്ടിയ ജോസ് കെ മാണിയോടെ പഴയ വീറോടെ എതിർക്കുന്നതിൽ സി പി ഐ പിറകോട്ട് പോയിരിക്കയാണ്. സി പി ഐയുടെ ചില സീറ്റുകളടക്കം പത്ത് സീറ്റുകൾ തരണമെന്നാണ് ജോസ് കെ മാണിയുടെ പ്രധാന ആവശ്യം. പത്തു ചോദിച്ചാൽ ഏഴെങ്കിലും ലഭിക്കുമെന്നാണ് ജോസ് കെ മാണിയുടെ കണക്കുകൂട്ടൽ.
കോട്ടയം ജില്ലയിൽ നിലവിൽ ഒരു സീറ്റിൽ മാത്രമാണ് ജോസ് കെ മാണി ഗ്രൂപ്പിന് എം എല് എ ഉള്ളത്. അത് കാഞ്ഞിരപ്പള്ളി മണ്ഡലമാണ്. പ്രൊഫ. കെ പി ജയരാജാണ് എം എൽ എ. അവിടെ സി പി ഐ ആയിരുന്നു ജയരാജിനെ നേരിട്ടത്.

കെ എം മാണിയുടെ മരണത്തോടെയാണ് കേരാളാ കോൺഗ്രസ് എമ്മിൽ അധികാരത്തർക്കം മൂർച്ഛിച്ചത്. ഇതേ തുടർന്ന് വർക്കിംഗ് ചെയർമാനായ പി ജെ ജോസഫിന്റെ നേതൃത്വത്തെ തള്ളിപ്പറയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി തർക്കത്തിലായിരുന്ന ജോസ് കെ മാണി യു ഡി എഫിനോട് വിടപറയുമ്പോൾ കോട്ടയത്തെ രാഷ്ട്രീയ സമ വാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക.

രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ അനുകൂലമായ വിധിയുണ്ടായെങ്കിലും പി ജെ ജോസഫ് ചിഹ്നം നേടിയെടുക്കാനായി വീണ്ടും പോരാട്ടം തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോട്ടയത്ത് പാല, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി മണ്ഡലമാണ് ജോസ് പക്ഷം ചോദിക്കുന്നത്. ഇതിൽ കടുത്തുരുത്തി പി ജെ ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസിന്റെ മണ്ഡലമാണ്.
ഇടുക്കിയിൽ നിന്നുള്ള എം എൽ എയാണ് റോഷി അഗസ്റ്റിൻ. യു ഡി എഫിന് വലിയ സ്വാധീനമുള്ള ഇടുക്കിയിൽ നിന്നും റോഷിക്ക് മുന്നണി മാറ്റ മുണ്ടായാൽ അത്ര പെട്ടെന്ന് വിജയിക്കാൻ സാധിച്ചെന്നു വരില്ല.
പേരാമ്പ്രയാണ് ജോസ് കെ മാണി ചോദിക്കുന്ന മറ്റൊരു സീറ്റ്. നിലവിൽ സിപിഎമ്മിന്റെ ശക്തമായ മണ്ഡലമാണിത്. കോതമംഗലം സീറ്റും ഇരിഞ്ഞാലക്കുട സീറ്റും , തിരുവന്തപുരത്ത് ഒരു സീറ്റുമാണ് ജോസ് ലക്ഷ്യമിടുന്നത്.

എന്തായാലും യു ഡി എഫിന് കോട്ടയത്ത് ഏറെ വിയർപ്പൊഴുക്കേണ്ടിവരും എന്നുതന്നെയാണ് ജോസ് കെ മാണിയുടെ പുതിയ നീക്കത്തിലൂടെ ഉണ്ടാവുന്ന രാഷ്ട്രീയ സാഹചര്യം.
കേരളാ കോൺഗ്രസ് പി ജെ ജോസഫ് ഗ്രൂപ്പിന്റെ ശക്തി നിലനിർത്തേണ്ടതും നില മെച്ചപ്പെടുത്തേണ്ടതിന്റെയും ഉzത്തരവാദിത്വം യു ഡി എഫ് പി ജെ ജോസഫിനെ തന്നെ ഏല്പ്പിക്കുമെന്നാണ് യു ഡി എഫ് നേതാക്കളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *