ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്ക് വേണ്ടി കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെടുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായി തകര്‍ക്കുന്ന ചിത്രങ്ങളാണ് എ എച്ച് പി നേതാവ് ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്ന ചിത്രം ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയുടെ രണ്ടാം ഘട്ട ചിത്രീകരണമാണ് മണപ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത്. ചിത്രീകരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്ന് ഹരി പാലോട് പറയുന്നു.

സിനിമാ സെറ്റ് തകര്‍ക്കുകയും വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

മനു ജഗത് ആണ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍. സമീര്‍ താഹിറാണ് മിന്നല്‍ മുരളിയുടെ ക്യാമറ. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മിന്നല്‍ മുരളി.

Leave a Reply

Your email address will not be published. Required fields are marked *