കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിയ ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തിയതി അധികൃതര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെയായിരിക്കും ഒളിംപിക്‌സ് നടക്കുക. കഴിഞ്ഞ ആഴ്ച്ചയിലാണ് അടുത്തവര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടാനുള്ള സുപ്രധാന തീരുമാനം അധികൃതര്‍ എടുത്തത്. ആധുനിക ഒളിംപിക്‌സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെച്ചത്.

അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും ടോക്യോ ഒളിംപിക് നടത്തിപ്പുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പുതിയ തിയതികള്‍ തീരുമാനിക്കപ്പെട്ടത്. ജപ്പാന്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിനായി ഏതാണ്ട് 13 ബില്യണ്‍ ഡോളറാണ്(ഏകദേശം 98,000 കോടി രൂപ) മുടക്കിയിട്ടുള്ളത്. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി മൂന്ന് ബില്യണ്‍ ഡോളര്‍(ഏതാണ്ട് 22,600 കോടി രൂപ) സ്വരൂപിക്കുകയും ചെയ്തിരുന്നു.

ടോക്യോ ഒളിംപിക്‌സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മത്സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും ടോക്യോ ഒളിംപിക്‌സ് നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്. ഒളിംപിക്‌സ് വൈകിയതിന്റെ നഷ്ടപരിഹാരം ടിക്കറ്റ് എടുത്തവര്‍ക്ക് ലഭിക്കുമെന്നും ഒളിംപിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് തൊഷിരോ മൂട്ടോ പറഞ്ഞിരുന്നു

വിവിധ രാജ്യങ്ങളില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഒരു വര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടിവെക്കാന്‍ തീരുമാനമായത്. ഇതിന് പിന്നാലെ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ജപ്പാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജപ്പാനില്‍ അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും എന്നാല്‍ എപ്പോള്‍ വേണമെങ്കിലും അമേരിക്കയിലേയും യൂറോപിലേയും അവസ്ഥയിലേക്ക് ജപ്പാനും മാറാമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ശനിയാഴ്ച്ച പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *