രാജേഷ് തില്ലങ്കേരി

മലയാളികളെ സമ്മതിക്കണം, എത്ര തട്ടിപ്പുകൾ അരങ്ങേറിയാലും പിന്നെയും തട്ടിപ്പൻ പരിപാടികളിൽ പണം നിക്ഷേപിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് കേരളീയർ. ആട് തേക്ക് മാഞ്ചിയം മുതൽ ബ്ലേഡ് ബാങ്കുകൾ, ലിസ്, ടോട്ടൽഫോർ യു തുടങ്ങി എന്തെല്ലാം സാമ്പത്തിക തട്ടിപ്പുകളാണ് കേരളത്തിൽ അരങ്ങേറിയിരിക്കുന്നത്.
പ്രാദേശിക തലത്തിൽ നൂറുക്കണക്കിന് ചിട്ടിതട്ടിപ്പുകളടക്കം വേറെയും തട്ടിപ്പുകൾ അരങ്ങേറുന്നു. എന്നിട്ടും ആളുകൾ തങ്ങളുടെ കൈയ്യിലിരിക്കുന്ന പണം ഇത്തരം അനധികൃത തട്ടിപ്പൻ കേന്ദ്രങ്ങളിൽ നിക്ഷേപിക്കാൻ തയ്യാറാവുന്നു.
ചെറിയ സമയത്തിനുള്ളിൽ വൻ തുകകളുണ്ടാക്കാനുള്ള അമിതമായ ലാഭേച്ഛയാണ് ഇത്തരം തട്ടിപ്പിൽ മലയാളി പോയി പെടാനുള്ള പ്രധാന കാരണം. സഹകരണ ബാങ്കുകളും സംഘങ്ങളും, ദേശസാൽകൃത, ന്യൂജൻബാങ്കുകൾ അടക്കം ആയിരക്കണക്കിന് ധനകാര്യ സ്ഥാപനങ്ങൾ കേരളത്തിൽ ഗ്രാമങ്ങളിൽ പോലും പ്രവർത്തിക്കുമ്പോഴാണ് ഇത്തരം തട്ടിപ്പിൽ ആളുകൾ പോയി പെടുന്നത് എന്നത് ജനതയുടെ അത്യാർത്ഥി വെളിപ്പടുന്നതാണ്.
വൻതുക ലാഭം തരാമെന്നു പറഞ്ഞ് ആളുകലെ പറഞ്ഞു പറ്റിച്ച് വൻതുക തട്ടിയെടുത്ത ആരും ശിക്ഷിക്കപ്പെടുന്നില്ല. കാരണം ഇവർക്കൊക്കെ ഉന്നതരുമായുള്ള ബന്ധമാണ് പ്രധാനകാരണം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന ടോട്ടൽ ഫോർയു തട്ടിപ്പിൽ ഒടുവിൽ കേവലം 22 വയസുള്ള ശബരീഷ് എന്ന ഒരു പയ്യൻ മാത്രം പ്രതിയായി. ലിസ് തട്ടിപ്പിനെ കുറിച്ച് നിലവിൽ ആർക്കും നിശ്ചയമില്ല. ലിസ് പേരുമാറ്റി വന്നിരുന്നു വെങ്കിലും അത് പ്രതിഷേധങ്ങലെതുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. എളുപ്പവഴിയിൽ ലാഭമുണ്ടാക്കാമെന്നു വിശ്വസിക്കുന്നവരും അനധികൃതമായി ഉണ്ടാക്കിയ കള്ളപ്പണം നിക്ഷേപിക്കാനുമൊക്കെയാണ് ഇത്തരം സ്ഥാപനത്തെ ആളുകൾ ഉപയോഗിക്കുന്നത്.
അംഗീകൃത ധനകാര്യസ്ഥാപനത്തിൽ പണം നിക്ഷേപിക്കാനുള്ള ഭയമുള്ളവരെയാണ് ഇത്തരം തട്ടിപ്പൻ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്.
വൻകിട സ്ഥാപനമാണെന്ന് ധരിപ്പിക്കാനായി ഇത്തരം സ്ഥാപനങ്ങൾ പവവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതെല്ലാം ജനവിശ്വാസം ആർജ്ജിക്കാനുള്ളതാണ്.

പോപ്പുലർ ഫിനാൻസ്, ഫാഷൻ ഗോൾഡ് തട്ടിപ്പ് തുടങ്ങിയ രണ്ടു വലിയ തട്ടിപ്പുകളെക്കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നതത്. നിക്ഷേപകരെ വഞ്ചിച്ച് പണം കവർന്നെടുത്ത് രാജ്യം വിടാനൊരുങ്ങിയ പോപ്പുലർ ഉടമകൾ നിലവിൽ പൊലീസിന്റെ പിടിയിലാണ്. ഏറെ വർഷത്തെ പ്രവർത്തന പാരമ്പര്യമാണ് പോപ്പുലർ ഫിനാൻസിന് കോടികൾ സമാഹരിക്കാൻ അവസരമൊരുക്കിയത്.
ലാഭവിഹിതമായി ലക്ഷങ്ങൾ നല്കാമെന്ന വാഗ്ദാനം നൽകി പലർനിന്നായി വൻതുക കൈപ്പറ്റി വഞ്ചിച്ചതാണ് കാസർകോടുനിന്നുള്ള സ്വർണതട്ടിപ്പ് കേസ്. കാസർകോട് കേസിന് രാഷ്ട്രീയ നിറം കൂടിയുണ്ടെന്നതാണ് തട്ടിപ്പിന്റെ ആഴം വർദ്ധിപ്പിക്കുന്നത്.

കോടിക്കണക്കിന് രൂപ സമാഹരിച്ച്, ആ പണവുമായി വിദേശത്തേക്ക് കടന്ന് അവിടെ സുഖമായി ജീവിക്കാനുള്ള പോപ്പുലർ ഫിനാൻസ് ഉടമകളുടെ പദ്ധതിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടലിലൂടെ തകർന്നത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് കേരള ഹൗസിംഗ് പിനാൻസ് ലിമിറ്റഡ് എന്ന കമ്പനി നിക്ഷേപകരിൽ നിന്നും വൻതുക തട്ടിയെടുത്ത് മുങ്ങിയത്.
സ്ഥാപനം സർക്കാറിന്റെ ഉടമസ്ഥതിയിലുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരരുന്നു കേരള ഹൗസിംഗ് ഫിനാൻസിന്റെ പേരിലുള്ള തട്ടിപ്പ്.

കാസർകോട് ഫാഷൻ ജ്വല്ലറിയുടെ പേരിൽ തട്ടിപ്പ് നടത്തിയത് മഞ്ചേശ്വരം എം എൽ എയും ലീഗ് നേതാവുമായ എം സി ഖമറുദ്ദീനും സംഘവുമാണ്. പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ പട്ടണങ്ങളിലെയും സമീപ ഗ്രാമങ്ങളിലെയും നിരവധി പേരിൽ നിന്നും സമാഹരിച്ച 200 കോടിയിൽപരം രൂപയാണ് തട്ടിയെടുത്തതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
കാസർകോട് ജില്ലയിൽ എം എൽ എയ്ക്കും കമ്പനിയുടെ മറ്റു ഡയറക്ടർമാർക്കും ഉണ്ടായിരുന്ന സ്വീകാര്യതയാണ് ഇത്രയും വലിയൊരു തുക സമാഹരിക്കാൻ അവസരമൊരുക്കിയത്.
ഫാഷൻ ഗോൾഡ് ഒരു വർഷം മുൻപുതന്നെ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധിയിലായ സ്ഥാപനത്തെ രക്ഷിച്ചെടുക്കാനായി വീണ്ടും പണം സമാഹരിച്ചതാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ കാരണം.
എം സി ഖമറുദീൻ, പൂക്കോയ തങ്ങൾ എന്നിവർ ജില്ലയിലെ അറിയപ്പെടുന്ന മുസ്ലിംലീഗ് നേതാക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *