തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെയും തെറ്റായ പ്രചരങ്ങളെയും വിമർശിച്ച് റശീദുദ്ദീൻ അൽപ്പറ്റയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

തബ്‌ലീഗി ജമാഅത്ത് സമ്മേളനം കൊറോണ ജിഹാദ് ആണെന്ന തരത്തിൽ ഒട്ടേറെ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെയൊക്കെയാണ് റശീദുദ്ദീൻ അൽപ്പറ്റ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്.

“കൊറോണ ജിഹാദ് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളെ അതിശക്തമായി ഞാന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ തബ്‌ലീഗി ജമാഅത്ത് കാണിച്ച ബുദ്ധിശൂന്യതയോട് എനിക്ക് കടുത്ത വിയോജിപ്പുമുണ്ട്. ” എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

തബ്‌ലീഗി ജമാഅത്ത് എന്ന സംഘടനയെ കൂടുതലും പുറത്തു നിന്നും വല്ലപ്പോഴുമൊക്കെയായി അടുത്തും നോക്കി കണ്ട ഒരാളാണ് ഞാന്‍. മുസ്‌ലിംകളുടെ മതവിശ്വാസം അവരുടേതായ ശൈലിയില്‍ ശക്തിപ്പെടുത്താനായി നിരന്തരം അധ്വാനിക്കുന്ന സംഘടനയാണത്. മുസ്‌ലിംകളെ മതപരമായി നന്നാക്കിയെടുക്കുക എന്നതിലപ്പുറം സാമുഹികമായോ രാഷ്ട്രീയമായോ വര്‍ഗീയമായോ ഒന്നും തബ്‌ലീഗ് ജമാഅത്ത് സംഘടിപ്പിക്കുന്നില്ല. അത്തരം ആഗ്രഹങ്ങളും ഞാനറിയുന്ന തബിലീഗി ജമാഅത്തിന് ഇല്ല. നേതാവും സിദ്ധാന്തവുമൊക്കെ ഉള്ള, എന്നാല്‍ കൃത്യമായ ഒരു ലക്ഷ്യവുമില്ലാത്ത ആള്‍ക്കൂട്ടമാണത്. അതുകൊണ്ടു തന്നെ കൊറോണ ജിഹാദ് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളെ അതിശക്തമായി ഞാന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ തബ്‌ലീഗി ജമാഅത്ത് കാണിച്ച ബുദ്ധിശൂന്യതയോട് എനിക്ക് കടുത്ത വിയോജിപ്പുമുണ്ട്.

ദല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗി ജമാഅത്തിന്റെ ആസ്ഥാന മന്ദിരമായ ബംഗ്‌ളാവാലി മസ്ജിദിലെ കോവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം നിരവധി തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരോടാണ് എനിക്കിപ്പോള്‍ സംവദിക്കേണ്ടി വരുന്നത്. വളരെ ബാലിശമായ തീയതി വാദങ്ങളും ക്രമം തെറ്റിച്ച വിശദാംശങ്ങളുമൊക്കെ നിത്യേനയെന്നോണം കേള്‍ക്കുന്നുണ്ട്. ഞാന്‍ ഇസ്‌ലാം വിരുദ്ധനായ ഒരു റിപ്പോര്‍ട്ടറാണെന്ന ചില തബ്‌ലീഗി പ്രവര്‍ത്തകരുടെ ക്‌ളിപ്പുകളും കേള്‍ക്കാനിടയായി. അവര്‍ക്ക് എന്നല്ല ആര്‍ക്കും അങ്ങനെ വിധിക്കാനുള്ള അവകാശമുണ്ട്. അതിനോടൊന്നും വിയോജിക്കാനില്ല. പക്ഷെ ഈ ആളുകള്‍ മനസ്സിലാക്കിയതു പോലെ ഇപ്പോഴത്തെ പ്രശ്‌നം കേവലമായ കോവിഡ് വൈറസ് ബാധയോ മര്‍ക്കസില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയാതെ പോയതോ ഒന്നുമല്ല എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ലോകം ഏതുവഴിയെ പോകുന്നു എന്ന് മനസ്സിലാക്കാന്‍ മെനക്കെടാത്തതിന്റെ ദുരന്തഫലം കൂടിയാണത്. ഭൂമിക്കു താഴെയും (ഖബറിലും) ആകാശത്തും (പരലോകത്തും) നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല കുറച്ചൊക്കെ ഭൂമിക്കു മുകളില്‍ എന്തു നടക്കുന്നു എന്നതും കൂടി ഏതു സംഘടനയും അറിഞ്ഞിരിക്കണം എന്നാണ് എന്റെ വിനിതമായ അഭിപ്രായം.

ചോദ്യം ഒന്ന്. മാര്‍ച്ച് 23ന് പോലിസ് കമ്മീഷണര്‍ വിളിച്ച് വിരട്ടുന്നതു വരെ എന്തായിരുന്നു മര്‍ക്കസില്‍ സംഭവിച്ചു കൊണ്ടിരുന്നത്? ‘കൊറോണ ഒരു വിഷയമല്ല. അല്ലാഹുവാണ് മരണം തീരുമാനിക്കുന്നത്. മരണത്തില്‍ നിന്ന് ഒളിച്ചോടുകയല്ല നാം ചെയ്യുന്നത്. അല്ലാഹുവിന്റെ ഇഛയിലേക്ക് നടന്ന് അടുക്കുകയാണ്. പള്ളികള്‍ അടച്ചിടാനാവില്ല. ഇബാദത്തുകളും ജമാഅത്തുകളും മുലാഖാത്തുകളും (ആരാധനകളും സംഘം ചേരലും കൂടിക്കാഴ്ചയും) അവസാനിപ്പിക്കുന്നത് തെറ്റാണ്’ എന്നും മറ്റും അവിടെ കൂടിയിരുന്ന പാവങ്ങളോട് നേതാക്കള്‍ ഉല്‍ബോധിപ്പിക്കാറുണ്ടായിരുന്നോ ഇല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഉയരുന്നത്. (ഈ പ്രസംഗമല്ലേ ഇപ്പോള്‍ ചാനലുകളിലൂടെ ഓടി നടക്കുന്നത്?) പോലിസ് കമ്മീഷണര്‍ ശക്തമായി ആവശ്യപ്പെടുന്നതു വരെ ഈ ബയാനുകള്‍ (ഉപദേശങ്ങള്‍) തബ്‌ലീഗിന്റെ വെബ്‌സൈറ്റിലും ഉണ്ടായിരുന്നു. അതിനു ശേഷമാണ് സര്‍ക്കാര്‍ പറയുന്നത് നാം അനുസരിക്കണമെന്ന ബയാന്‍ പ്രത്യക്ഷപ്പെട്ടതും ആദ്യത്തെ ബയാന്‍ ഡിലീറ്റ് ചെയ്തതും. കോവിഡുമായി ബന്ധപ്പെട്ട സാമൂഹിക നടപടിക്രമങ്ങള്‍ പാലിക്കുന്നത് അല്ലാഹുവിന്റെ ദീനിന് എതിരാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസില്‍ മാര്‍ച്ച് 23 വരെ വിശ്വസിക്കപ്പെട്ടിരുന്നു എന്നല്ലെങ്കില്‍ ആദ്യത്തെ ബയാന്‍ പിന്‍വലിച്ചതെന്തിന്? (സഅദ് മൗലാന ബോധപൂര്‍വ്വം പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചു എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ കാര്യത്തിന്റെ ഗൗരവം വിലയിരുത്തിയതില്‍ തെറ്റുപറ്റിയെന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സഫര്‍ നരേഷ്‌വാലയുടെ അഭിപ്രായം ശരിയല്ലേ?)

ചോദ്യം രണ്ട്. മലേഷ്യയില്‍ ഫെബ്രുവരി 27ന് സൗത്ത് ഏഷ്യാ തബ്‌ലീഗി സമ്മേളനം ആരംഭിക്കുന്ന അതേ സമയത്താണ് മക്കയില്‍ മസ്ജിദുല്‍ ഹറം അടച്ചിടുന്നത്. ഇതെ തുടര്‍ന്നാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം സമൂഹം സാമൂഹിക കുടിച്ചേരലുകളില്‍ നിന്നും സംഘടിത നമസ്‌കാരങ്ങളില്‍ വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. അതേസമയം 15,000 ത്തോളം പേര്‍ പങ്കെടുത്ത മലേഷ്യയിലെ യോഗവുമായി തബ്‌ലീഗി ജമാഅത്ത് (നിസാമുദ്ദീന്‍ വിഭാഗം) മുന്നോട്ടു പോയി. മാര്‍ച്ച് 1ന് ഈ യോഗം അവസാനിക്കുന്നതു വരെ നൂറില്‍ താഴെ ഉണ്ടായിരുന്ന മലേഷ്യയിലെ കോവിഡ് രോഗികളുടെ എണ്ണം യോഗത്തിനു ശേഷം 2500ന്റെ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ 536 പേര്‍ നേര്‍ക്കു നേരെ തബ്‌ലീഗി യോഗത്തില്‍ പങ്കെടുത്തവരും 1200ഓളം പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആയിരുന്നു. മലേഷ്യയില്‍ രോഗം പരക്കാന്‍ ഇടയായത് തബ്‌ലീഗി യോഗമല്ലെന്ന് എങ്ങനെ നിഷേധിക്കും? ഈ യോഗത്തില്‍ പങ്കെടുത്ത വിദേശ ജമാഅത്തുകളല്ലേ നേര്‍ക്കു നേരെ ഇന്ത്യയിലേക്കു വന്നത്? ഈ സംഘങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് 8,9,10 തീയതികളിലെ ആലമി മശ്‌വറ (അന്താരാഷ്ട്ര കൂടിയാലോചന) സമ്മേളനത്തോടനുബന്ധിച്ചായിരുന്നില്ലേ നിസാമുദ്ദീനില്‍ കോവിഡ് ബാധയുടെ തുടക്കം? മറുഭാഗത്ത് അന്താരാഷ്ട്ര ആഹ്വാനത്തെ പിന്‍പറ്റി തബ്‌ലീഗി ജമാഅത്തിന്റെ ഇന്ത്യയിലെ തന്നെ മറ്റൊരു ഗ്രൂപ്പ് അവരുടെ മസ്ജിദുകള്‍ അടച്ചിടുകയും കൂടിച്ചേരലുകള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നില്ലേ? ഇക്കൂട്ടരെ നിസാമുദ്ദീന്‍ വിഭാഗം പരിഹാസത്തോടെയല്ലേ കണ്ടത്?

ചോദ്യം മൂന്ന്. 24നു മുമ്പെ മര്‍ക്കസില്‍ നിന്നും നാട്ടിലേക്കു പോയവരല്ലേ ഇപ്പോള്‍ തെലങ്കാനയിലും ആന്ധ്രയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും കശ്മീരിലും ബീഹാറിലും യു.പിയിലുമൊക്കെ കോവിഡ് പോസിറ്റിവ് ആയി മാറുന്നവര്‍? മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി അതിനെന്ത് ബന്ധം? ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ 24ന് ശേഷം എന്തു ചെയ്യാന്‍ ശ്രമിച്ചു എന്നതല്ലല്ലോ വിഷയം, അതിനു മുമ്പെ എന്തായിരുന്നു ചെയ്തു കൊണ്ടിരുന്നത് എന്നതല്ലേ?

ചോദ്യം നാല്. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാനുള്ളവയാണെങ്കില്‍ 16ാം തീയതിയായിരുന്നല്ലോ 50ല്‍ കൂടുതല്‍ പേര്‍ സംഘം ചേരരുതെന്ന ദല്‍ഹി മുഖ്യമന്ത്രിയുടെ വിലക്ക് നിലവില്‍ വന്നത്. എങ്കില്‍ പിന്നെ ഇപ്പോള്‍ ദല്‍ഹി പോലിസ് ഒഴിപ്പിച്ച 2134 ആളുകള്‍ മാര്‍ച്ച് 24വരെ മര്‍ക്കസിനകത്ത് നിയമ വിരുദ്ധമായല്ലേ തങ്ങിയത്? കേജരവാ്ിന്റെ വിലക്ക് ലംഘിച്ചല്ലേ തമിഴ്‌നാട്ടുകാരുടെയും മറ്റും സവിശേഷമായ യോഗം 18,19,20 തീയതികളില്‍ മര്‍ക്കസില്‍ നടന്നത്? യോഗങ്ങള്‍ നടത്തുകയും ജമാഅത്തായി നമസ്‌കരിക്കുകയും വേണമെന്ന് 19നല്ലേ സആദ് മൗലാന ബയാന്‍ നല്‍കിയത്?

ചോദ്യം അഞ്ച്. പതിനൊന്നാം തീയതി മുതല്‍ ആളുകളെ പറഞ്ഞയക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാറിന്റെ സഹായം ലഭിച്ചില്ല എന്നും ഒരു വിശദീകരണ ക്‌ളിപ്പ് കേട്ടതു കൊണ്ട് ചോദിക്കുകയാണ്. മാര്‍ച്ച് 11 മുതല്‍ 22 വരെ എങ്ങോട്ടെങ്കിലും പോകാന്‍ എന്തിനായിരുന്നു സര്‍ക്കാറിന്റെ സഹായം? ബസും തീവണ്ടിയും വിമാനവുമൊക്കെ ഓടുന്നുണ്ടായിരുന്നല്ലോ.

ചോദ്യം ആറ്. പാര്‍ലമെന്റില്‍ 500ല്‍ പരം എം.പിമാര്‍ കൂടിയിരുന്നതും ജന്തര്‍ മന്ദറില്‍ സമരം നടന്നതും ആദിത്യനാഥ് അയോധ്യയില്‍ സംഘം ചേര്‍ന്നതുമൊക്കെ മലേഷ്യ പോലുള്ള കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും ആളെ കൂട്ടിയിട്ടാണോ?

തെറ്റുപറ്റിയെന്ന്, അല്ലെങ്കില്‍ സാഹചര്യം വലിയിരുത്തിയതില്‍ പിഴച്ചെന്ന് ഒറ്റത്തവണയെങ്കിലും തബ്‌ലീഗി ജമാഅത്ത് പറഞ്ഞാല്‍ തീരുമായിരുന്ന പ്രശ്‌നമാണത്. ലോകത്തിന് മുഴുവന്‍ ബോധ്യമായ ഒരു കാര്യം മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് വാദിച്ചു കൊണ്ടിരുന്നാല്‍ സ്വന്തത്തെ മാത്രമല്ല അത് ബാധിക്കുകയെന്ന വകതിരിവ് അവര്‍ക്കുണ്ടായേ പറ്റൂ. തബ്‌ലീഗി ജമാഅത്തിനെ ഇപ്പോള്‍ നയിക്കുന്നവരുടെ അപകടകരമായ വിതാനത്തിലെത്തിയ അറിവില്ലായ്മയാണ് നിസാമുദ്ദീനില്‍ ഉണ്ടായ എല്ലാ പ്രശ്‌നങ്ങളുടെയും കാതലെന്ന് ചുരുക്കം. പരലോകത്തെ കുറിച്ച ആലോചനകളാണ് ഏതു മുസ്‌ലിമിന്റെ പ്രവൃത്തികളെയും നയിക്കേണ്ടത്. അതേസമയം ഭൂമിയിലെ കാര്യങ്ങളിലും ശ്രദ്ധിക്കുമ്പോഴല്ലേ ഈമാന്‍ പൂര്‍ത്തിയാകുന്നുള്ളൂ? സംശയമുണ്ടെങ്കില്‍ ഈ കഥ കൂടി കേട്ടോളൂ. ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നാണ്.

അബൂ ഉബൈദയോട് സിറിയില്‍ നിന്നും മദീനയിലേക്കു വരാന്‍ ആവശ്യപ്പെട്ട് ഖലീഫ ഉമര്‍ കത്തയച്ചു. സിറിയയില്‍ പ്‌ളേഗ് പടര്‍ന്നു പിടിച്ചപ്പോഴായിരുന്നു അത്. ഉബൈദ അത് നിരസിച്ചു. അല്ലാഹുവിന്റെ പ്രവാചകന്റെ ഒരു ഹദീസാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. പകര്‍ച്ച വ്യാധി പിടിപെട്ട നാട്ടിലേക്ക് നിങ്ങള്‍ പോകരുത്, നിങ്ങളുടെ നാട്ടില്‍ പകര്‍ച്ച വ്യാധി ഉണ്ടായാല്‍ അത് തീരുന്നതു വരെ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്യരുത്. അബൂ ഉബൈദ സിറിയയില്‍ പ്‌ളേഗ് ബാധിതനായി രക്തസാക്ഷിയാവുകയാണ് ഒടുവിലുണ്ടായത്. തബ്ീലിഗി ജമാഅത്തിന് ഈ ഹദീസ് ബാധകമാകാതിരുന്നത് എന്തുകൊണ്ടാണ്?

എ.റശീദുദ്ദീന്

Leave a Reply

Your email address will not be published. Required fields are marked *