വെബ്ഡസ്ക്:
090920202/07:41
തിരുവനന്തപുരം സ്വർണകടത്ത് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യ്തേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ബിനീഷ് കോടിയേരിയ്ക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു.
സ്വർണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. കേസിൽ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും എൻഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്.
കേസിൽ ബിനാമി ഹവാല ഇടപാടുകളാണ് എൻഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിക്കുക. അതേസമയം, ഇന്ന് ഹാജരാകുവാൻ കഴിയില്ലന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ബിനീഷ് ഉള്ള സ്ഥലത്ത് എത്താമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറുപടി അറിയിച്ചുവെന്നാണ് വ്യക്തമാകുന്നത്.