തൃശ്ശൂര്‍: തൃശ്ശൂരിലെ സാഹചര്യം ഗുരുതരമാകുന്നു. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ടിഎന്‍ പ്രതാപന് എംപി ആവശ്യപ്പെട്ടു. താല്‍ക്കാലികമായെങ്കിലും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് എംപിയുടെ ആവശ്യം. സ്ഥിതി അതീവ ഗുരുതരമാണെന്നും വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ടിഎന്‍ പ്രതാപന് എംപി ആവശ്യം ഉന്നയിച്ചു.
തൃശ്ശൂരില്‍ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചിടുകയും തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതാണ് ആശങ്ക ഉണ്ടാക്കുന്നത്.
എന്നാല്‍ തൃശ്ശൂരില്‍ സര്‍ക്കാര്‍ ഇടപെടലില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീന് വ്യക്തമാക്കി. ചിലരുടെ നിരുത്തരവാധപരമായ പെരുമാറ്റമാണ് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വരാനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇത് ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണെന്നും സാഹചര്യം നിയന്ത്രണവിധേയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാറും പ്രതികരിച്ചിട്ടുണ്ട്.
നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി ഉയര്‍ന്നു. കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ നാല് പേര്, കോര്പ്പറേഷന് ശുചീകരണ തൊഴിലാളികളായ നാല് പേര്, ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി, ആരോഗ്യ പ്രവര്‍ത്തകനായ രണ്ട് പേര്, നാല് ആശാ പ്രവര്‍ത്തകര്‍, ക്വാറന്റീനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്.