കാഞ്ഞിരപ്പുഴ:പാമ്പുകള്‍ക്കിടയിലെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ വനപാലകര്‍ പാലക്കയത്ത് നിന്ന് അതിസാഹസികമായി പിടികൂടി.പത്തടിയോളം നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന രാജവെമ്പാലയെ മരത്തിന്റെ കൊമ്പില്‍ നിന്നാണ് മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പാലക്കയം സെക്ഷന്‍ ഫോറസ്റ്റിലെ വനപാലകരും ചേര്‍ന്ന് പിടികൂടിയത്.

കാഞ്ഞിരപ്പുഴ പാലക്കയം നിരവില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ തോട്ടത്തിലുള്ള മരക്കൊമ്പില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് രാജവെമ്പാലയെ കണ്ടത്.ഉടന്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പാലക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗിരീഷിന്റേയും മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ നേതൃത്വത്തില്‍ ബിഎഫ്ഒമാരായ രജീഷ്,താരുഷ്,സിവില്‍ പോലീസ് ഓഫീസര്‍ സജീഷ്,വാച്ചര്‍മാരായ അന്‍സാര്‍,കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിവരം അറിഞ്ഞ പാടെ സ്ഥലത്തെത്തി.

തട്ട് തട്ടായിരുന്ന സ്ഥലത്ത് ഏകദേശം ഒരു രണ്ടാള്‍പൊക്കമുള്ള മരക്കൊമ്പിലായിരുന്ന രാജവെമ്പാല തമ്പടിച്ചിരുന്നത്.തിട്ടിന് മുകളില്‍ കയറി പാമ്പ് പിടുത്ത വിദഗ്ദ്ധന്‍ വനംവകുപ്പിന്റെ വാച്ചര്‍ അന്‍സാറും എസ്എഫ്ഒ മോഹനകൃഷ്ണനും ചേര്‍ന്ന് ക്യാച്ചറുമായി രാജവെമ്പാലയെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു.മരച്ചില്ലയില്‍ ചുറ്റിയിരുന്ന പാമ്പിനെ പിടിവിടിക്കുന്നതില്‍ വനംവകുപ്പ് സംഘം ഏറെ ശ്രമപ്പെട്ടു.ഇതിനിടെ പാമ്പ് താഴേക്കും വീണു.ഇഴഞ്ഞ് പോയ പാമ്പിനെ കാല് കൊണ്ട് ചവിട്ടി പിടിച്ച് നിര്‍ത്തുക വരെ ചെയ്തു.വെളിച്ചത്തിന്റെ അപര്യാപ്തതയും തോട്ടമായതിനാലും പാമ്പിനെ പിടിയിലൊതുക്കാന്‍ വനപാലക സംഘം ഏറെ പണിപ്പെട്ടു.രണ്ട് തവണ ഇങ്ങിനെ വഴുതിപോയ പാമ്പിനെ ജീവന്‍ പണയം വെച്ചാണ് വനപാലക സംഘം അതിവിദഗ്ദ്ധമായി പാമ്പിനെ വരുതിയിലാക്കിയത്.രാജവെമ്പാലയെ അട്ടപ്പാടി വനമേഖലയില്‍ വിട്ടതായി വനംവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *