മെയ് 4 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാ‍ർഗ നി‍ർദ്ദേശം ഇന്ന് പുറത്തിറക്കും. ഇന്ത്യയിൽ കൊവിഡ് കേസുകൾ തൊണ്ണൂറായിരത്തിലേക്ക് എത്തുമ്പോഴാണ് ലോക്ക് ഡൗൺ നീട്ടുന്നത്. മെയ് മുപ്പത്തിയൊന്ന് വരെയാകും നാലാം ഘട്ട ലോക്ക് ഡൗൺ. മാർഗ നിർദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നൽകി. റെഡ്സോൺ മേഖലകൾ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ചുരുക്കിയേക്കും.

നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേകും. കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്തം നൽകി കർശന മാ‍ർഗ നിർദ്ദേശം വന്നേക്കും.

പ്രത്യേക വിമാനസർവ്വീസുകൾ അനുവദിക്കുന്ന കാര്യത്തിൽ ആലോചന തുടങ്ങിയിട്ടുണ്ട്. മെട്രോ ഭാഗികമായി തുടങ്ങണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.

അതേസമയം, ലോക്ക് ഡൗൺ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ 30 നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന.

ദില്ലി, മുംബൈ, കൊൽക്കത്ത അടക്കമുള്ള സ്ഥലങ്ങളിൽ ആണ് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിർദേശങ്ങൾ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. ലോക്ക് ഡൗണിന്റെ നാലാം ഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *