ചാനല്‍ ചര്‍ച്ചകളില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ മറുപടി. ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുക ഉണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ സത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തി എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ ആക്രമിക്കാന്‍ പ്രേമചന്ദ്രന്‍ നടത്തിയ പരിശ്രമം പച്ചയായി തുറന്നുകാട്ടപ്പെട്ടു എന്നതില്‍ എനിക്കു അങ്ങേയറ്റം അഭിമാനമുണ്ട്. മേഴ്സിക്കുട്ടി അമ്മ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ശ്രീ. എൻ കെ പ്രേമചന്ദ്രൻ ഓർക്കുക

“കുറച്ചുകാലം എല്ലാവരെയും പറ്റിക്കാൻ കഴിയും
കുറേ പേരെ എല്ലാ കാലവും പറ്റിക്കാൻ കഴിയും
എന്നാൽ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാൻ കഴിയില്ല.”

ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ ഞാൻ ശ്രദ്ധിക്കുക ഉണ്ടായി. ചാനൽ ചർച്ചകളിൽ സത്യ വിരുദ്ധ പ്രസ്താവനകൾ നടത്തി എൽഡിഎഫ് ഗവൺമെൻറിനെ ആക്രമിക്കാൻ പ്രേമചന്ദ്രൻ നടത്തിയ പരിശ്രമം പച്ചയായി തുറന്നുകാട്ടപ്പെട്ടു എന്നതിൽ എനിക്കു അങ്ങേയറ്റം അഭിമാനമുണ്ട്. ( ഇതിൽ വിറളിപൂണ്ട് എനിക്കെതിരെ നടത്തുന്ന തെറിവിളികൾ അതിന്റെ വഴിക്ക് പോകട്ടെ…)

ചർച്ചയിൽ പ്രേമചന്ദ്രൻ എടുത്തുകാട്ടുന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിലെ ( തീയതി -മെയ് 2, 2020) point 4, 6, 11 (a) (b) (c) ഇൽ ട്രെയിന്റെ ഒറിജിനേറ്റിംഗ് സ്റ്റേറ്റും ഡെസ്റ്റിനേഷൻ സ്റ്റേറ്റും നിർവഹിക്കേണ്ട ചുമതലകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എങ്കിൽ അതിൽ ട്രെയിൻ പുറപ്പെടുന്ന സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ( ആ ഉത്തരവാദിത്വം കേരള ഗവൺമെൻറ് കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് കേരളത്തിൽ നിന്നും അതിഥി തൊഴിലാളികൾക്കു നാട്ടിൽ പോകാൻ കഴിഞ്ഞത്)

ഇവിടെ പ്രേമചന്ദ്രൻ ട്രെയിൻ പുറപ്പെടുന്ന സംസ്ഥാനത്തിന്റെ മുഖ്യ ഉത്തരവാദിത്വങ്ങൾ മനപ്പൂർവ്വം മറച്ചുവയ്ക്കുകയാണ് ചെയ്തത്. ഉത്തരവിൽ പറയുന്നതിനു കടകവിരുദ്ധമായി ഡെസ്റ്റിനേഷൻ സ്റ്റേറ്റ് ടിക്കറ്റ് ഫെയർ സ്പോൺസർ ചെയ്യണമെന്ന് വരെ പറഞ്ഞു വച്ചു. മറ്റു സംസ്ഥാനങ്ങളിലെ സഹോദരങ്ങളുടെ കാര്യത്തിൽ സംസ്ഥാന ഗവൺമെൻറ് യാതൊരു താൽപര്യവും കാണിക്കുന്നില്ല എന്നും പ്രസ്താവിച്ചു. സംസ്ഥാന അതിർത്തിയിൽ പാസ് ഇല്ലാതെ എത്തുന്ന ആളുകളെ മനുഷ്യത്വം ഇല്ലാതെ കൈകാര്യം ചെയ്യുന്നു എന്ന നിരുത്തരവാദപരമായ ആക്ഷേപം ഉന്നയിക്കാനും കൂട്ടത്തിൽ തയ്യാറായി.

സംസ്ഥാനത്ത് കോവിഡ് 19 ന്റെ ആരംഭം മുതൽ എല്ലാ സംവിധാനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടു കൃത്യമായും ചിട്ടയായും സംസ്ഥാന ഗവൺമെൻറ് പ്രവർത്തിച്ചത് കൊണ്ടാണ് കേരളം ലോക മാതൃകയായി വാഴ്ത്തപ്പെടുന്നത്.

മെയ് 2 ന്റെ ഉത്തരവ് വന്നയുടൻ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളി സഹോദരങ്ങളെ നാട്ടിലേക്ക് കൊണ്ടു വരാൻ നോർക്ക വഴി രജിസ്ട്രേഷൻ ആരംഭിച്ചു. ഇതു പ്രകാരം ഇവരെ കൊണ്ടുവരുന്നതിനു സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ്നു ആവർത്തിച്ചു മുഖ്യമന്ത്രി കത്തെഴുതി. വിവിധ സംസ്ഥാന കേന്ദ്രങ്ങളിൽനിന്നും സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവർത്തിച്ചു ആവശ്യപ്പെട്ടു. ഡൽഹിയിലും പരിസര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കം കൊണ്ടുവരുന്നതിനു ന്യൂ ഡൽഹിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ ഏർപ്പാടാക്കാൻ അഭ്യർഥിച്ചുകൊണ്ട് ഒറിജിനേറ്റിംഗ് സ്റ്റേറ്റ് എന്ന നിലയിൽ ഡൽഹി മുഖ്യമന്ത്രിക്കു നമ്മുടെ മുഖ്യമന്ത്രി കത്തെഴുതി. നോർക്ക രജിസ്ട്രേഷൻ അടിസ്ഥാനത്തിൽ മലയാളികളായ യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ നൽകി കൊണ്ട് ഇവരെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തെഴുതി, ഇതെല്ലാം യഥാസമയം നിർവ്വഹിച്ചിട്ടുണ്ട്. വേണ്ട സമയത്ത് വേണ്ടതുപോലെ വിദഗ്ധ അഭിപ്രായങ്ങൾ എല്ലാം മാനിച്ചു കൂട്ടുത്തരവാദിത്വത്തോടെ കാര്യങ്ങൾ സംസ്ഥാന ഗവൺമെൻറ് നിർവഹിച്ചത് കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തിന് ഇതുവരെ വിജയം നേടാൻ കഴിഞ്ഞതു.

നാം ഇപ്പോൾ അതീവ ഗൗരവതരമായ ഒരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു, ഇതും നമുക്ക് അതിജീവിക്കാൻ കഴിയും. അതിന് സങ്കുചിത രാഷ്ട്രീയവും സ്വാർത്ഥത ലക്ഷ്യങ്ങളും മാറ്റിവെച്ച് എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്.

പിന്നെ ശ്രീ. പ്രേമചന്ദ്രന്റെ അനുയായികൾ പരിഹാസത്തിന്റെയും അശ്ലീലത്തിന്റെയും ഭാഷ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ആക്ഷേപിച്ചു കണ്ടു. അതെ, എന്റെ ചുമതലയിലുള്ള രണ്ടു വകുപ്പുകളും ഉത്തരവാദിത്വത്തോടെയും അഭിമാനത്തോടെയും ആണ് കൈകാര്യം ചെയ്യുന്നത്. നിങ്ങൾ ചാളമേരിയോട് ഉപമിച്ച മത്സ്യതൊഴിലാളിയാണ് കേരളത്തിൽ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷിച്ചത്. അവരാണ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്വന്തം സഹജീവികളെ രക്ഷിച്ചത്. അവരെയാണ് നമ്മുടെ മുഖ്യമന്ത്രി കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ചത്. അതു മറക്കണ്ട.

ഇതിനിടയ്ക്ക് കേരളത്തിൻറെ പ്രിയപ്പെട്ട കെ ആർ മീരയുടെ പോസ്റ്റ് കണ്ടു. അത് വായിച്ചപ്പോൾ സന്തോഷവും അതിലേറെ അഭിമാനവും മീരയെക്കുറിച്ച് തോന്നി. നമ്മുടെ അടിസ്ഥാന വിഭാഗങ്ങളെ കുറിച്ചുള്ള ഓർമ്മകൾ, എത്ര ആർദ്രമായിട്ടാണ് മീര വിവരിച്ചിരിക്കുന്നത്. പകലന്തിയോളം പണിയെടുത്തിട്ട് ജീവിക്കാൻ ക്ലേശിക്കുന്ന കശുവണ്ടി തൊഴിലാളികളുടെ ഭാഗംതന്നെയാണ് ഞാനിന്നും. ഇപ്പോഴും കശുവണ്ടി ഫാക്ടറികളിൽ പോകുന്ന, അവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ അവരോടു ചേർന്നു നിൽക്കുന്ന എനിക്ക് “അണ്ടി കമ്പനിയിൽ” പോകുന്നതും അഭിമാനം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കട്ടെ.

പ്രേമചന്ദ്രന്റെ സത്യവിരുദ്ധ പ്രസ്താവനകൾക്ക് മറ്റൊരു ഉദാഹരണം കൂടി ചേർക്കട്ടെ.
കോവിഡ് പരിശോധനാഫലം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ പ്രഖ്യാപിക്കാതെ വൈകിപ്പിക്കുന്നു; ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നു എന്ന തന്റെ പ്രസ്താവനയെ തുടർന്ന് ഗവൺമെൻറ് അതിൽ മാറ്റം വരുത്തി എന്നാണ് പ്രേമചന്ദ്രന്റെ അവകാശവാദം.

വസ്തുത എന്താണ്?
തുടക്കം മുതലുള്ള കുറ്റമറ്റ സംവിധാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇത് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *