ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റവാളികളായ നാല് പേരുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കി.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തൂക്കിക്കൊന്നത്. തിഹാര്‍ ജയിലില്‍ രാവിലെ ആയിരുന്നു ശിക്ഷ നടപ്പാക്കല്‍. ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പുലര്‍കാലെ വരെ നീണ്ട വാദങ്ങള്‍ക്ക് ശേഷം സുപ്രീംകോടതി തള്ളിയത് നിശ്ചിത സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പായിരുന്നു. അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരെയാണ് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാല് കുറ്റവാളികളെ ഒരേസമയം തൂക്കിലേറ്റുന്നത്.

2012 ഡിസംബര്‍ 16നായിരുന്നു സഞ്ചരിക്കുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ബസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒപ്പം പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെയും. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ തന്നെ ഡല്‍ഹിയില്‍ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടന്നു. അന്ന് തന്നെ അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് അക്രമികളെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും ഹൃദയസ്തംഭനം വരികയും ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡിസംബര്‍ 29 ന് ആശുപത്രിയില്‍ പെണ്‍കുട്ടി മരിക്കുകയും ചെയ്തു. ബലാത്സംത്തിനിടെ ഉണ്ടായ ഗുരുതരമായ പരുക്കുകളായിരുന്നു മരണ കാരണം. അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം കൂടി ചുമത്തി. ഇതിനെ തുടര്‍ന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ അല്‍ത്തമാസ് കബീര്‍ ലൈംഗികാതിക്രമ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാന്‍ ഉത്തരവിട്ടു.

ഈ കേസില്‍ രഹസ്യവിചാരണ നടത്താന്‍ ഉത്തരവായി. കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള വകുപ്പുകളായിരുന്നു പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 11 ന് പ്രതികളില്‍ ഒരാളായ രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചതായി ജയില്‍ അധികൃതകര്‍ അറിയിച്ചു. ഓഗസ്റ്റ് 31 ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കുറ്റക്കാരനാണെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് കണ്ടെത്തുകയും മൂന്നുവര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കാന്‍ വിധിക്കുകയും ചെയ്തു. സെപ്തംബര്‍ 10 ന് വിചാരണ കോടതി മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നിവര്‍ കുറ്റക്കാരെന്ന് വിധിച്ചു. കൂട്ടബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം എന്നിവയുള്‍പ്പടെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ക്കെല്ലാം തെളിവുകളുണ്ടെന്ന് കോടതി വിധിക്കുകയും സെപ്തംബര്‍13 ന് നാല് കുറ്റവാളികള്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. 2014 മാര്‍ച്ച് 13 ന് ഇവരുടെ വധ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മാര്‍ച്ച് 15 ന് മുകേഷ്, പവന്‍ എന്നിവര്‍ നല്‍കിയ അപ്പീലില്‍ ഇരുവരുടെയും വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പിന്നീട് കോടതി മറ്റ് രണ്ടുപേരുടെയും വധ ശിക്ഷയും സ്റ്റേ ചെയ്തു. ഇങ്ങനെ ഏഴ് വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇവരുടെ വധശിക്ഷ നടപ്പിലായത്.

Leave a Reply

Your email address will not be published. Required fields are marked *