നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്.

ഡല്‍ഹി: നിര്‍ഭയ കേസിലെ കൂട്ടബലാത്സംഗ കൊലപാതക കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. നിര്‍ഭയ കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

അവസാന നിമിഷം വരെ ജീവന്‍ നിലനിര്‍ത്തി കിട്ടാനുള്ള തീവ്ര പരിശ്രമം നടത്തിയാണ് നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷക്ക് വഴങ്ങിയത്. ദില്ലി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമായി അഭിഭാഷകര്‍ നടത്തിയ നാടകീയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് തിഹാര്‍ ജയിലില്‍ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഇതിന് മുന്നോടിയായി ജയിലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ അവസാനവട്ട യോഗം ചേര്‍ന്നു. ആരാച്ചാരെത്തി വധിശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന വാദവും പൂര്‍ത്തിയായി സുപ്രീംകോടതി ഹര്‍ജി തള്ളി രണ്ട് മണിക്കൂറിനകം തന്നെ തിഹാര്‍ ജയിലില്‍ വധശിക്ഷ പൂര്‍ത്തിയാക്കി. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു.

‘നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. അവസാനം ഞങ്ങള്‍ക്ക് നീതി ലഭിച്ചു.’ മകളെ കൂട്ടബലാത്സം?ഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയതിന് ശേഷം നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍. ഏഴ് വര്‍ഷത്തിനപ്പുറം മകള്‍ക്ക് നീതി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. ‘ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരും. വേദനയോടെയാണ് ഞങ്ങള്‍ കാത്തിരുന്നത്.’ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആശാദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *