ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കക്കാരൻ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. മൗലാന യൂസുഫ് ടൂട്ലാ ആണ് മരിച്ചത്. 80 വയസായിരുന്നു. യൂസുഫ് മരിച്ചത് കൊവിഡ് ബാധയെ തുടർന്നാണെന്നുള്ള വിവരം അറിയിച്ചത് കുടുംബാംഗങ്ങളാണ്. മുസ്ലിം പുരോഹിതനായിരുന്നു മൗലാനാ യൂസുഫ് ടൂട്ലാ. 14 ദിവസം യൂസുഫ് ഐസൊലേഷനിൽ ആയിരുന്നു. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സമയത്ത് ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നതായാണ് വിവരം. പിന്നീടാണ് കൊവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് റിസൾട്ട് പോസിറ്റീവായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ രോഗലക്ഷണങ്ങൾ കുറഞ്ഞെങ്കിലും പിന്നീട് തിങ്കളാഴ്ചയോട് കൂടി അസുഖം മൂർച്ഛിച്ചു. പെട്ടെന്നായിരുന്നു യൂസുഫിന്റെ ആരോഗ്യ നില വഷളായതെന്ന് കുടുംബാംഗം വ്യക്തമാക്കി. കുടുംബത്തിൽ ആർക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.
വിവിധ രാജ്യങ്ങളിൽ നിന്ന് നിസാമുദ്ദീനിൽ വച്ച് നടന്ന മതസമ്മേളനത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തി. ഇന്തോനേഷ്യ, മലേഷ്യ, തായിലന്റ്, നേപ്പാൾ, മ്യാന്മർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആളുകളെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ച് ഒൻപത് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരത്തിഅഞ്ഞൂറിൽപരം കൊറോണ വൈറസ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്.
നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തെ തുടർന്ന് ഇന്ത്യയിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് നടന്ന കൊവിഡ് മരണങ്ങളിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുമുണ്ട്. കേരളത്തിലും സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.