പരിഷ്കാരത്തിനൊരുങ്ങി കെഎസ്ആർടിസി. 17 കോടിയുടെ വികസന പ്രവർത്തനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എല്ലാ ബസുകൾക്കും ജിപിഎസ് ഘടിപ്പിക്കും. ഇ- ടിക്കറ്റും ഇ- അക്കൗണ്ടിംഗും നടപ്പാക്കും. ഓർഡിനറി ബസ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തും. പുതിയ പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ഗതാഗത മന്ത്രി വിശദീകരിച്ചു.
കെഎസ്ആർടിസിയെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി 17 കോടിയുടെ പദ്ധതിയ്ക്കാണ് ലക്ഷ്യമിടുന്നത്. ഇതിന് സർക്കാർ അംഗീകാരം നൽകിയതായി ഗതാഗത മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങുന്ന കെഎസ്ആർടിസിയിൽ ഐടി സഹായത്തോടെയുള്ള ശാസ്ത്രീയ പദ്ധതികൾ തയാറാക്കി നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം.
ഇ- ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ ബസിന്റെയും അക്കൗണ്ട് ഓൺലൈനിലൂടെ ക്രമീകരിക്കും. ഇതുകൂടാതെ കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് യാത്രക്കാർക്ക് എവിടെ വേണമെങ്കിലും നിർത്തികൊടുക്കണമെന്ന വിപ്ലവകരമായ തീരുമാനവും സർക്കാർ എടുത്തിട്ടുണ്ട്. യാത്രക്കാർ എവിടെ നിന്ന് കൈ നീട്ടിയാലും ബസ് നിർത്തി യാത്രക്കാരെ കയറ്റണമെന്നതാണ് തീരുമാനം. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് ജനങ്ങളുടെ അഭിപ്രായം അനുസരിച്ചുമാവും തുടർ നടപടികൾ.