പാലക്കാട് : പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കരോഗബാധ കൂടിയതോടെ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടാമ്പി കോവിഡ് ക്ലസ്റ്റർ ആയെന്നും സമീപത്ത് കൂടുതൽ ക്ലസ്റ്ററുകൾക്കും സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഗതാഗതം ഉണ്ടാകില്ല. മത്സ്യമാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്കും അവരുമായി സമ്പർക്കമുള്ള 67 പേരിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി പൂർണമായും അടച്ചു. മെഡിക്കൽ സ്റ്റോർ മാത്രമാണ് ഞായറാഴ്ച തുറന്നത്.
പട്ടാമ്പി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധികളിൽ കോവിഡ് നിയന്ത്രണ വിധേയമാക്കാൻ നടപടി തുടരുകയാണ്. കണ്ടെയ്ൻമെന്റ് കൺട്രോൾ സെൽ രൂപീകരിച്ചു. കൊപ്പം പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സിദ്ദിഖിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. നഗരസഭയിലെ 28 വാർഡിലും ദ്രുതകർമ സേന(ആർആർടി) രൂപീകരിച്ച് വീടുകളിൽനിന്ന് വിവരം ശേഖരിക്കും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
നിരീക്ഷണത്തിലുള്ളവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സമ്പർക്കപ്പട്ടികയിൽ ശ്വാസ തടസ്സം, പനി ലക്ഷണമുള്ളവർ എന്നിവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കും. അടുത്തദിവസങ്ങളിൽ പനിയും അനുബന്ധ പ്രശ്നങ്ങളുമായി എത്തുന്നവർക്കും കോവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ ഉടൻ നിരീക്ഷണത്തിലാക്കും.