തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയില്‍ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇവിടെ ആറാം തീയതി മുതല്‍ നടന്ന പരിശോധനയില്‍ 243 പേരാണ് പോസിറ്റീവായിട്ടുള്ളത്. ഈ പ്രദേശത്ത് പ്രായം ചെന്ന 5000ല്‍ അധികം പേര് ഉണ്ട്. അതില്‍ തന്നെ 70 വയസ്സിന് മുകളില്‍ ഉള്ള 2000ല്‍ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാര്‍ഗമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എല്ലാ വകുപ്പുകളും രോഗവ്യാപന തോത് നിയന്ത്രിക്കാന്‍ പൂന്തുറയില്‍ കേന്ദ്രീകരിക്കുകയാണ്. പോലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം തേടിയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയ്ക്ക് എതിരെ പൂന്തുറയില്‍ പ്രചാരണം ഉണ്ടായി. ഇന്നത്തെ സംഘര്‍ഷത്തിന് ആരാണ് പ്രേരിപ്പിച്ചത് എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പൂന്തുറയില്‍ പരമാവധി സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൂന്തുറയില്‍ ഉണ്ടായ പ്രതിഷേധം അവശ്യസാധനങ്ങളും മതിയായ ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.
പൂന്തുറയ്ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപപ്രദേശങ്ങളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൂന്തുറ നിവാസികള്‍ സംഘടിച്ചെത്തിയത്.