തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെത്തി 200 രൂപ കടം ചോദിച്ച് വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാലോട് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം 2000 രൂപ കടം തരുമോ എന്ന് ചോദിച്ച് ഒരു കുടുംബമെത്തിയത്. ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം പട്ടിണിയിലാണെന്നായിരുന്നു വീട്ടമ്മ പാലോട് എസ്‌ഐയ്ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം. ലോക്ക് ഡൗണില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയത്.

വാടകയ്ക്ക് പെരിങ്ങമലയില്‍ താമസിക്കുകയാണ്. മക്കള്‍ പഠിക്കുന്നത് പ്ലസ് ടൂവിലും നാലിലും. ടിസി വാങ്ങാന്‍ പോലും പണമില്ല. 2000 രൂപ കടം തരണം. വീട്ടുജോലിക്ക് പോയ ശേഷം തിരികെ തന്നുകൊള്ളാം. സ്റ്റേഷനിലെത്തിയ വീട്ടമ്മ നല്‍കിയ കത്തില്‍ എഴുതിയിരുന്നത് ഇതായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇവരുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണെന്നും കുട്ടികള്‍ അന്നേ ദിവസം രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞതായി ഫേസ്ബുക്ക് കുറിപ്പില്‍ പോലീസ് പറയുന്നു. ഒരുമാസത്തെ വീട്ടുസാധനങ്ങള്‍ കൂടി വാങ്ങി നല്‍കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കേരള പോലീസ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *