കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക് ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗണ്‍ മെയ് മൂന്നിന് തീരുന്ന സാഹചര്യത്തില്‍ അഞ്ചിന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കൊവിഡ് ഭീഷണി മുന്‍ നിര്‍ത്തി പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങി എത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. അവര്‍ക്ക് വേണ്ടി 5,000 ഡോക്ടര്‍മാരും 20,000 നഴ്‌സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തില്‍ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.

വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവര്‍ തിരിച്ചെത്തിയാല്‍ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *