തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ബെവ്‌കോ മദ്യം വീടുകളില്‍ എത്തിക്കും. ബെവ്‌കോ എംഡിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നാളെ മുതലാണ് മദ്യം ലഭ്യമാവുക.

മദ്യം വിതരണം ചെയ്യുമ്പോള്‍ 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണ് വിതരണം ചെയ്യേണ്ടത്. 3 ലീറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ല.
മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനില്‍നിന്ന് വാങ്ങണം. മദ്യവിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പൊലീസുകാരുടെയും എക്‌സൈസിന്റെയും സേവനം തേടണമെന്നും ബിവറെജസ് കോര്‍പ്പറേഷന്‍ എംഡി: ജി.സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ബവ്‌റിജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസിന് കീഴില്‍ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണം. ആവശ്യമെങ്കില്‍ രണ്ടില്‍ കൂടുതല്‍ ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാം. വെയര്‍ഹൗസിലെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണം.

മദ്യം വിതരണം ചെയ്യാന്‍ തയാറാകാത്ത ജീവനക്കാരുടെ പട്ടിക ബവ്‌റിജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് അറിയിക്കണം. ആവശ്യത്തിന് ലേബലിങ് ജോലിക്കാരെയും ചുമട്ടു തൊഴിലാളികളെയും വെയര്‍ഹൗസ് മാനേജര്‍ ഏര്‍പ്പെടുത്തണം. മദ്യം വിതരണം ചെയ്യുമ്പോള്‍ കൈകൊണ്ടെഴുതിയ ബില്ലാണ് നല്‍കേണ്ടത്. ബില്ലുകള്‍ ആസ്ഥാനത്തേക്ക് അയക്കണം.

മദ്യം വിതരണം ചെയ്തശേഷം ഇതുസംബന്ധിച്ച പാസിന്റെ ഫോട്ടോ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തണം. ഒരു ദിവസം എത്രപേര്‍ക്ക് മദ്യം നല്‍കി, എത്ര മദ്യം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വെയര്‍ഹൗസ് മാനേജര്‍ ദിവസേന ബവ്‌റിജസ് ആസ്ഥാനത്ത് അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *