‘വരനെ ആവശ്യമുണ്ട്’ സിനിമയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ദുൽഖർ സൽമാന് കഴിഞ്ഞ രണ്ട് ദിവസമായി വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ദുൽഖറിനെതിരെ വിമർശനങ്ങൾ ഉയരുന്നു. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തൻ്റെ വളർത്തുനായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്നത് മുൻ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ പരിഹസിച്ചാണെന്നാണ് കഴിഞ്ഞ ദിവസം തമിഴ് ട്വിറ്റർ ഉപഭോക്തക്കൾ ആരോപിച്ചത്. ദുൽഖറിനെയും കുടുംബത്തെയും ട്വിറ്ററിലൂടെ പലരും ക്രൂരമായി അവഹേളിക്കുകയും ചെയ്തു. തുടർന്ന് പ്രഭാകരൻ എന്ന പേര് ഉപയോഗിച്ചത് മനഃപൂർവമല്ല എന്നും പട്ടണപ്രവേശം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള തമാശയാണെന്നും വിശദീകരിച്ചു കൊണ്ട് ദുൽഖർ രംഗത്തെത്തി. ഇപ്പോൾ സിനിമയിൽ തമിഴ് ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്നു എന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുതിയ വിവാദം.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ടാഗ് ചെയ്തു കൊണ്ടാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. സംവിധായകൻ അനൂപ് സത്യനും ദുൽഖറിനും മേസേജ് ചെയ്തെന്നും അവരൊന്നും മറുപടി നൽകിയില്ലെന്നും ഒരു ട്വിറ്റർ ഉപഭോക്താവ് പറയുന്നു. സെൻസർ ബോർഡ് എങ്ങനെയാണ് ഈ ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്താൻ അനുവദിച്ചതെന്നാണ് മറ്റ് ചിലരുടെ സംശയം.

സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ദുൽഖർ സൽമാൻ്റെ നിർമ്മാണക്കമ്പനിയായ വേഫേറർ ഫിലിംസിൻ്റെ ആദ്യ സംരംഭമായിരുന്നു. ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന താരങ്ങളാക്കി അണിയിച്ചൊരുക്കിയ ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആൻ്റണി, ഉർവശി തുടങ്ങിയവരും വേഷമിട്ടു. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *