ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധനെ യുപിയിലെ യോഗി സര്‍ക്കാര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് പിന്നിട്ടു. ഇതിനിടയില്‍ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്. രണ്ടു തവണയും വൈകിയെത്തിയ നീതിപീഠമാണ് അദ്ദേഹത്തിനു മോചനം നല്‍കിയത്. ഇക്കുറി അദ്ദേഹത്തിന്റെ അലിഗഡ് പ്രസംഗം ചൂണ്ടിക്കാട്ടി തടവിലിട്ടുവെങ്കിലും പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയായി വിട്ടുയക്കുകയായിരുന്നു.

2017ല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത. ഓഗസ്റ്റ് 10ന് മാത്രം 67 കുട്ടികളാണ് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞത്. ഓക്‌സിജന്‍ തീരാറായെന്ന വിവരം പലകുറി അധികൃതരെ അറിയിച്ചിട്ടും ആരോഗ്യവകുപ്പ് കേട്ടതായി നടിക്കാത്തതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

ഒടുവില്‍ ജീവന് വേണ്ടി പിടയുന്ന കുരുന്നുകളെ രക്ഷിക്കാന്‍ കുട്ടികളുടെ ഡോക്ടറായ ഖാന്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ തീരുമെന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്പേ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതില്‍ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഈ വേട്ട.

കുരുന്നുജീവനുകള്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ തന്നെ യോഗി ഭരണകൂടം കൂട്ട മരണത്തിനുത്തരവാദിയാക്കുകയായിരുന്നു. ആഗസ്റ്റ് 13ന് ജോലിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.കെ. ഗുപ്ത നല്‍കിയ പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചുമത്തി. ഐ.പി.സി 409, 308, 120 ബി, 420 വകുപ്പുകളും അഴിമതി നിരോധന നിയമം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ് സെക്ഷന്‍ 15 എന്നിവ പ്രകാരമായിരുന്നുകേസ് സെപ്റ്റംബര്‍ രണ്ടിന് ഖാന്‍ അറസ്റ്റിലായി. ഒമ്പതു മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്.

ഒടുവില്‍, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമീഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി. തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *