രാജേഷ് തില്ലങ്കേരി

കൊച്ചി : സ്വർണകടത്ത്‌ലകേസിലെ പ്രതിയായ സ്വപ്‌നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ ആരംഭിച്ച വിവാദം മറ്റൊരു തലത്തിലേക്ക് മാറിയതോടെയാണ് മന്ത്രി കെ ടി ജലീൽ ആരോപണവിധേയനാവുന്നത്. യു എ ഈ കോൺസലേറ്റുമായി നടത്തിയ ഇടപാടിലൈ ദുരൂഹതയാണ് ജലീലിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കിയത്.

യു എ ഇ കോൺസുലേറ്റിൽ നിന്നും അനധികൃതമായി ഭക്ഷ്യധാന്യക്കിറ്റ് വാങ്ങിച്ചതും സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തതിന്റെയും പേരിൽ ആരംഭിച്ച വിവാദം, വിദേശത്തു നിന്നും ഖുറാൻ ഇറക്കുമതി ചെയ്തതും രഹസ്യമായി സി ആപ്റ്റിന്റെ വാഹനം ഉപയോഗിച്ച് മലപ്പുറത്തേക്ക് കൊണ്ടുപോയതുമാണ് വിവാദങ്ങളിലേക്ക് മന്ത്രിയെ എത്തിച്ചത്.

കോൺസുലേറ്റ് നൽകിയ ഭക്ഷ്യധാന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌നാ സുരേഷിനെ ഫോൺ ചെയ്തതെന്നും പറഞ്ഞ് വളരെ ലാഘവത്തോടെ ആരോപണത്തിൽ നിന്നും കൈകഴുകി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിന്റെ ശ്രമാണ് ഊരാക്കുടുക്കിലേക്ക് എത്തിച്ചത്.

സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് ഖുറാൻ കൊണ്ടുപോയ വിവരം ജലീൽ ആദ്യഘട്ടത്തിൽ മനപൂർവ്വം മറച്ചുവച്ചു. പിന്നീട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് ഖുറാൻ കൊണ്ടുപോയതാണ് എന്നും അതിൽ തെറ്റില്ല എന്നുമായിരുന്നു മന്ത്രിയുടെ പ്രതിരോധം. ഖുറാന്റെ പേരുപറഞ്ഞ് കള്ളക്കടത്തുകാർക്കു നൽകിയ സഹായത്തിന് മറയിടാനുള്ള ശ്രമമാണ് ജലീലിന്റേതെന്ന മുസ്ലിം ലീഗിന്റെ ആരോപണത്തിന് മുന്നിൽ ജലീലിന്റെ വാദങ്ങൾക്ക് ശക്തിപോരായിരുന്നു.
മത ഗ്രന്ഥം വിതരണം ചെയ്തുവെന്ന പേരിൽ സ്വർണം കടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷവും ബി ജെ പിയും മന്ത്രിക്കെതിരെ ആഞ്ഞടിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സി ആപ്റ്റിൽ എത്തിയത് പാർസൽ ഖുറാനാണ് എന്നതിന് രേഖകളില്ലാത്തതും, വിദേശത്തുനിന്നും ഖുറാൻ ഇറക്കുമതി ചെയ്യുന്നത് പതിവില്ലാത്തതും ജലീലിന്റെ നീക്കങ്ങൾ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിർത്തുന്നതായിരുന്നു.
ആരോപണത്തിന്റെ തുടക്കം മുതൽ വൈകാരികമായാണ് കെ ടി ജലീൽ വിഷയത്തെ സമീപിച്ചത്.
സി ആപ്റ്റിന്റെ വണ്ടി ഉപയോഗിച്ചത്, ഭക്ഷ്യധാന്യ കിറ്റ് സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി വാങ്ങാത്തതും ജലീലിലേക്ക് അന്വേഷണം വരുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി ജലീലിനുള്ള പിന്തുണ ആവർത്തിച്ചു.
സ്വർണക്കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ് മെന്റ് കൊച്ചിയിൽ വിളിച്ചുവരുത്തിയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരിക്കുന്നത്. ഇടതു മന്ത്രിസഭയിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്ത സംഭവം വലിയരാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെക്കുന്നതാണ്.

”അന്വേഷണം വരട്ടേ, ആർക്കൊക്കെയാണ് നെഞ്ചിടിപ്പ് കൂടുകയെന്ന് നോക്കാലോ… ” എന്നായിരുന്നു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ സ്ഥിരം പ്രതികരണം. അപ്പോഴും കെ ടി ജലീലിനെ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രിയും കരുതിയിട്ടുണ്ടാവില്ല. എന്നാൽ ഇ ഡി മന്ത്രിയെ ചോദ്യം ചെയ്തതോടെ മന്ത്രിയുടെ രാജി ആവശ്യത്തിന് ശക്തികൂടും. ഇത് വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ആറ് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തിരിഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിക്കുമെന്ന് സി പി എമ്മും ഭയക്കുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തതും പാർട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തിയിരിക്കുന്നത്.
ബിനീഷിനെ അടുത്ത ദിവസം ആന്റി നർക്കോട്ടിക്ക് സെല്ലും ചോദ്യം ചെയ്യാനിരിക്കയാണ്.
സ്വർണകേസിൽ ഏതെങ്കിലുമൊരു സി പി എമ്മുകാരനെ ചോദ്യം ചെയ്‌തോ ? പിടിക്കപ്പെട്ടവരൊക്കെ യു ഡി എഫുകാരല്ലേ, അനിൽ നമ്പ്യാർ ജനം ടി വിയുടെ പ്രധാനിയല്ലേ, എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് തുടർച്ചയായി സി പി എം നേതാക്കളെല്ലാം ഉന്നയിച്ചിരുന്നത്.
എല്ലാ തരത്തിലുമുള്ള പ്രതിരോധങ്ങളെയും തകർക്കുന്നതാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തതോടെ വലിയതരത്തിലുള്ള പ്രതിരോധത്തിലാണ് സി പി മ്മും ചെന്നു പെട്ടിരിക്കുന്നത്. ന്യായീകരണത്തിന് നേതാക്കൾ ഏറെ വിയർക്കുമെന്നതാണ് സത്യം.

ബി ജെ പിയും യുഡിഫും കെ ടി ജലീലിന്റെ രാജിക്കായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിച്ചതും കെ ടി ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കില്ല എന്ന് സി പി എം പോളിറ്റ് ബ്യൂറോ പ്രതികരിച്ചതോടെ സ്ഥിതിഗതികൾ മോശമാവും എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *