തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണപ്പെട്ട അബ്ദുള്‍ അസീസുമായി അടുത്തിടപഴകിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മക്കളടക്കം അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. മാര്‍ച്ച് 3 മുതല്‍ 23 വരെ വിവാഹം, മരണാനന്തര ചടങ്ങ്, പിടിഎ യോഗം, പള്ളിയിലെ ജുമാ നമസ്‌കാരം, ബാങ്കിലെ ചിട്ടിലേലം തുടങ്ങിയ ചടങ്ങുകളിലെല്ലാം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹം സ്ഥിരമായി നാട്ടിലെ ഒരു കടയില്‍ പോയി ഇരിക്കാറുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ളവരില്‍ നിന്നുള്ള സ്രവശേഖരണവും പരിശോധനയും വൈകാതെയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അബ്ദുള്‍ അസീസിന് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇക്കാര്യം അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ഇദ്ദേഹം പങ്കെടുത്ത ചടങ്ങുകളില്‍ എത്തിയ വിദേശത്തുനിന്നുള്ളവര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കുന്നുണ്ട്. കൂടാതെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ നിന്ന് ഈ ചടങ്ങുകളില്‍ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്നും പരിശോധിക്കും. 68 കാരനായിരുന്നു അബ്ദുള്‍ അസീസ്. ഈ മാസം 23 മുതല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം. മുന്‍ എഎസ്‌ഐയായ ഇദ്ദേഹത്തിന്റെ മരണം തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *