മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയും അടഞ്ഞ് കിടക്കുകയാണ്. തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പിൽ കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ കേന്ദ്രത്തിലുള്ള ചുമട്ടു തൊഴിലാളികളോടും, മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തിലേക്ക് മാറാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചത്.

അതേസമയം ഒരു മത്സ്യ കച്ചവടക്കാരനും, ഒരു ചുമട്ടു തൊഴിലാളിക്കും കൊവിഡ് പോസിറ്റീവായതായി ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതിനിടെ ഇന്നലെ അടച്ച മലപ്പുറം കെ.എസ്.ആർ.ടി ഡിപ്പോ എന്ന് തുറക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വെക്കിൾ സൂപ്പർ വൈസർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡിപ്പോ അടച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം 6 പേർ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *