മലപ്പുറം കീഴാറ്റൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 85കാരന്റയടുത്ത് മന്ത്രവാദ ചികിത്സയ്ക്കായി നിരവധി പേരെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇയാളുടെ മകന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും.
രോഗം ബാധിച്ച ശേഷവും ഇതിന് മുമ്പും 85കാരന്‍ വെള്ളത്തില്‍ മന്ത്രിച്ച് ഓതുന്നത് അടക്കമുള്ള ചികിത്സകള്‍ നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പനിയും ജലദോഷവും ബാധിച്ചപ്പോഴും ഇയാള്‍ വിവരം ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെച്ചു. ഈ സമയം ആരൊക്കെയാണ് ഇയാളുടെ പക്കല്‍ ചികിത്സ തേടിയെത്തിയതെന്ന് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. രോഗിയുമായും കുടുംബവുമായും ഇടപെട്ട എല്ലാവരും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം വകവെക്കാതെ ആനക്കയത്ത് നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി 180ഓളം ആളുകളാണ് ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്. മാര്‍ച്ച് 11നാണ് മകന്‍ ഉംറ കഴിഞ്ഞെത്തിയത്. നിര്‍ദേശങ്ങള്‍ അവഗണിച്ച ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *