ജയസൂര്യ ചിത്രം ‘സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. അ​ദിഥി റാവുവാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യമായാണ് മലയാള സിനിമ തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാതയും’.

ആമസോൺ പ്രൈം വഴി ഏഴ് സിനിമകളാണ് ഇന്ത്യയിൽ ഡിജിറ്റൽ പ്രിമിയറിന് ഒരുങ്ങുന്നത്. ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ കൂടാതെ വിദ്യ ബാലന്റെ ‘ശകുന്തള ദേവി’, അമിതാഭ് ബച്ചൻ ചിത്രം ഗുലാബി സിതാബോ, ജ്യോതികയുടെ പൊൻമകൾ വന്താൽ, കീർത്തിയുടെ പെൻഗ്വിൻ, കന്നഡ ചിത്രങ്ങളായ ലോ, ഫ്രഞ്ച് ബിരിയാണി എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്.

‘ചരിത്രം തിരുത്തിക്കുറിക്കുകയാണ്. അതിന്റെ ഒരു ഭാഗമാകാൻ എനിക്കും സാധിച്ചു. ഇതൊരു അതിജീവനമാണ്. ഇങ്ങനെയൊരു നീക്കത്തിൽ ലാഭമല്ല നമുക്ക് നോക്കേണ്ടത്. ലോകമൊട്ടാകെയുള്ള സിനിമാ ഇൻഡസ്ട്രി ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കോടികൾ മുടക്കിയ പല സിനിമകളും എന്നു റിലീസ് ചെയ്യുമെന്ന് പോലുമറിയാതെ നിൽക്കുന്നു.അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ വലിയ സഹായം തന്നെയാണ്. ഇതൊരു പോരാട്ടമാണ്. അതിജീവനമായി മാത്രമാണ് ഇങ്ങനെയൊരു റിലീസിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത്.’–വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *