കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉമസ്ഥതയിലുളള മീഡിയവണ്‍ ന്യൂസ് ചാനല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ കുപ്രശസ്തിയാര്ജിച്ചിരിക്കുന്നു. 2012 ല്‍ പ്രക്ഷേപണം ആരംഭിച്ച ചാനല്‍ തുടക്കത്തില്‍ തന്നെ പ്രഥമ മാനേജ്മെന്റിനെ പിരിച്ചുവിട്ടു. സ്ഥാപനം തുടുങ്ങന്നതിനുവേണ്ടി ആശയപരമായ സംഭാവന ചെയ്ത ബാബു ഭരദ്വാജ് ഉള്‍പ്പെടെയുളളവരെ സ്ഥാപനം തുടങ്ങിയശേഷം വൈകാതെ പിരിച്ചുവിട്ടു. പിന്നീട് കൂട്ടപിരിച്ചുവിടല്‍ നടത്തിയതിന്റെ പേരില്‍ മാനേജ്മെന്റെിനു കോടതി കയറേണ്ടിവന്നു. ഇപ്പോളിതാ സ്ഥാപനത്തിന്റെ ഡല്‍ഹി ബ്യുറോചീഫ് എ റശീദുദ്ധീനെ പിരിച്ചുവിട്ടിരിക്കുന്നു. ഇത് രണ്ടാംതവണയാണ് അദ്ദേഹത്തെ പിരിച്ചുവിടുന്നത്. അതിനിടയില്‍ കൈരളി ടീവി വിട്ട് മീഡിയവണ്ണില്‍ ചേര്‍ന്ന ആര് സുഭാഷിനു കരാര്‍ പുതുക്കി നല്‍കിയില്ലെന്നും വാര്‍ത്തകളുണ്ട്. എ റഷീദുദ്ധീന്‍ അടുത്തിടെ പോസ്റ്റുചെയ്ത ഫേസ്ബുക്ക് കുറിപ്പ് താഴെ:
കുറെ ദിവസമായി പലരും അന്വേഷിക്കുന്നുണ്ട്. ഈയിടെ ആയി മീഡിയാവണ്ണില്‍ കാണുന്നില്ലല്ലോ എന്ന്. ശരിയാണ്. ജൂണ്‍ 30നാണ് അവസാനമായി ലൈവില്‍ വന്നത്. സച്ചിന് പൈലറ്റിനെ കുറിച്ചും അയോധ്യാ ക്ഷേത്രത്തെ കുറിച്ചുമൊക്കെ പറയാനായി ഇടക്കെപ്പോഴോ ഫോണില്‍ വന്നിട്ടുമുണ്ട്. ചാനല്‍ പണി നിര്‍ത്തിയതല്ല. സാമ്പത്തിക പ്രതിസന്ധി മൂലം ദല്‍ഹി ബ്യൂറോ അടച്ചു പൂട്ടിയപ്പോള്‍ പിരിച്ചയച്ചതാണ്. പി.ആര്. പണിയും വാര്‍ത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ചില ‘സിംഹങ്ങളുമായി’ കലഹിച്ച് മുമ്പൊരിക്കല്‍ സ്വയം ഇറങ്ങിപ്പോയിരുന്നു. 13 വര്‍ഷത്തെ സര്‍വ്വീസിനിടെ 8 മാധ്യമങ്ങള്‍ കയറിയിറങ്ങിയ കോഓര്‍ഡിനേറ്റിംഗ് ‘അല്‍ഭുത’വും ഒരു ന്യൂസ്ബ്യൂറോയിലും പ്രസ്താവയോഗ്യമായ എന്തെങ്കിലും ചെയ്തിട്ടില്ലാത്ത ‘മാനേജിംഗ്’ മഹാല്ഭുതവുമൊക്കെ ഈ സിംഹങ്ങളുടെ കൂട്ടത്തിലുണ്ട്. പരീക്ഷണത്തിന് സമയവും പണവും കയ്യിലുണ്ടായിരുന്ന കാലത്ത് ചാനലിനെ ഒരു ചുവടു പോലും മുമ്പിലെത്തിക്കാന്‍ കഴിയാതിരുന്നവര്‍. ഇതിലൊരാളുടെ ലജ്ജാകരമായ രാഷ്ട്രീയ അടിമത്തവും മറ്റൊരാളുടെ നിഷ്ക്രിയത്വവുമാണ് ചാനലിനെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത്. ഞാന്‍ ചൂണ്ടിക്കാണിച്ച ഈ തെറ്റുകള്‍ തിരുത്തുമെന്ന് മഹാനവര്കള് മുജീബ് സാഹിബ് നല്കിയ ഉറപ്പ് വിശ്വസിച്ചാണ് കഴിഞ്ഞ തവണ തിരികെ പോയതും. എന്നാല്‍ മന്ത് ഇടത്തേ കാലിലേക്ക് മാറ്റിയതിലപ്പുറം വേറെ ഒന്നും അവിടെ സംഭവിക്കുന്നുണ്ടായിരുന്നില്ല. ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്തതു കൊണ്ടും സമയം അനുകൂലമല്ലാത്തതു കൊണ്ടും ജോലി ചെയ്ത് കുടുംബം പുലര്‍ത്തി വരുന്നതിനിടയാണ് കോവിഡ് പ്രത്യക്ഷപ്പെട്ടത്. അത് ‘സിംഹ’ങ്ങള്‍ക്ക് അവസരമായി മാറുകയും ചെയ്തു.
മീഡിയാവണ്‍ തുടങ്ങിയത് മഹത്തായ ഒരു മാധ്യമ സംസ്കാരത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റിന്റെ സിദ്ധാന്തങ്ങളാണ് അന്തിമമായ ശരിയെന്ന് അംഗീകരിച്ച പുതിയ മാനേജ്മെന്റിന്റെ കയ്യിലാണ് ചാനലിന്റെ ഇപ്പോഴത്തെ നിയന്ത്രണം. ഖേദത്തോടു കൂടിയാണ് ഇപ്പറയുന്നത്. നിങ്ങള്‍ കാണുന്നതല്ല വാര്‍ത്ത. കാണാന്‍ കഴിയാതെ പോകുന്നതാണ്. സ്ഥാപക എം.ഡി ആയിരുന്ന ഡോ: അബ്ദുസ്സലാം വാണിയമ്പലം എന്ന മഹാമനുഷ്യനെ വേദനയോടെ ഓര്‍ത്തു പോകുന്നു. ഇപ്പോഴുള്ളവരിലും നന്മ വേണമെന്ന ചിന്തക്ക് മാറ്റമുണ്ടായിട്ടില്ല. പക്ഷെ നേരുകള്‍ പറയാനും പ്രവര്‍ത്തിക്കാനുമുള്ള പണം ഉണ്ടാക്കാനറിയില്ല. സലാം സാഹിബ് ഉണ്ടാക്കിവെച്ചതൊക്കെ മുറിവൈദ്യന്മാര് പാഴാക്കുകയും ചെയ്തു. വിമാനക്കമ്പനിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതു പോലെ ലളിതമാണ് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതെന്നാണ് പുതിയ സങ്കല്‍പ്പം. ക്വാളിറ്റി കുറഞ്ഞാലും ടിക്കറ്റിന് വില കുറയുമ്പോഴാണല്ലോ യാത്രക്കാര്‍ ഇടിച്ചു കയറുന്നത്. അത്തരമൊരു യുക്തി പ്രയോഗിക്കുമ്പോള്‍ വാര്‍ത്താ ശേഖരണം വലിയൊരു പാഴ്ചെലവായി മാറുന്നുണ്ട്. ദല്‍ഹിയിലെ വാര്‍ത്തകളില്‍ പൊതുജനത്തിന് താല്പര്യം നഷ്ടപ്പെട്ടു തുടങ്ങിയതു കൊണ്ട് എല്ലാ ചാനലുകളും ചവിട്ടിപ്പിടിക്കുന്നതാണ് പൊതുവെയുള്ള ചിത്രം. മീഡിയാവണ്‍ മാത്രമെന്തിന് ‘ജന’ത്തിന്റെ അപ്രീതി സമ്പാദിക്കണം? പള്ളിക്കാട്ടിലേക്ക് സലാം പറയുന്നതു പോലെ പത്ത് വര്‍ഷമായി ഒരു ഭാഗത്തേക്കു മാത്രം പണം ഒഴുക്കി കൊണ്ടിരുന്ന മാനേജ്മെന്റ് ദൗര്‍ഭാഗ്യവശാല്‍ കീഴടങ്ങുകയാണ്. ഇത്തരം ‘പാഴ് ചെലവു’കള്‍ ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്നതെന്ത് എന്ന മോഹനമായ പവര്‍ പോയന്റ് പ്രസന്േറഷനുകള് സ്വാഭാവികമായും അവരില്‍ രോമാഞ്ചമുണ്ടാക്കിയിട്ടുണ്ടാവണം. കഴിഞ്ഞ 25^30 വര്‍ഷക്കാലം ഉത്തരേന്ത്യയില്‍ തെണ്ടി നടന്നുണ്ടാക്കിയ പ്രവര്‍ത്തന പരിചയമൊന്നും ദല്‍ഹിയിലെ ഒരു ഓഫീസ് വാടക ലാഭിക്കുന്നതിനേക്കാളും വലുതല്ല എന്ന പുതിയ കാലത്തെ സത്യം വിനയത്തോടെ അംഗീകരിക്കുന്നു. ഗുഡ് ബൈ…