സൗത്ത് മുംബൈയിലെ താജ്മഹൽ ഹോട്ടൽ പാലേഴ്സ് ടവറിലെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരണം. ഈ മാസം എട്ടിന് നാല് ജീവനക്കാരെ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ശേഷം പതിനൊന്നിന് രണ്ട് ജീവനക്കാരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരടങ്ങുന്ന സംഘം താജിൽ താമസിച്ചിരുന്നു. ഇവരിൽ നിന്നാകാം ജീവനക്കാർക്ക് രോഗം പിടിപെട്ടതെന്നാണ് വിവരം.

സൗത്ത് മുംബൈയിൽ പ്രവർത്തിക്കുന്ന താജ് ഹോട്ടലിൽ ഇപ്പോൾ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. കൂടാതെ ചുരുക്കം ജീവനക്കാർ മാത്രമാണ് ഹോട്ടലിലുള്ളത്. ഹോട്ടലിലെ ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താജ് ഹോട്ടൽ ജീവനക്കാരായ ആറ് പേർ ബോംബേ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോ.ഗൗതം ബൻസാലി പറഞ്ഞു.

‘രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാമ്പിളുകൾ മുൻകരുതലിനായി പരിശോധനയ്ക്ക് അയച്ചു. പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’ ഇന്ത്യൻ ഹോട്ടൽസ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം രോഗബാധിതരുടെ എണ്ണം താജ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *