തലക്കെട്ട് വായിക്കുന്നവരെല്ലാം ഒന്ന് സംശയിച്ചപോകും. എന്നാല്‍ കാര്യം സത്യമാണ്. മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂളിലെ എല്‍കെജി ക്ലാസ്സിലാണ് ആനയിറങ്ങിയത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഔപചാരിക രീതികളും മാര്‍ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചിരിക്കുകയാണ്. എല്ലാ ക്ലാസുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുന്നതും. ഇത്തരത്തിലുള്ള ഘട്ടത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ പുത്തന്‍ സാധ്യതകളുമായി മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആകൃഷ്ടരാക്കുന്ന ഓഗ്മെന്റഡ്-റിയാലിറ്റി എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അധ്യാപകര്‍ ആനയെ ക്ലാസ്സ് മുറിയില്‍ എത്തിച്ചത്.

ഇത്തരത്തില്‍ ക്ലാസ്മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ അമൂര്‍ത്താശയങ്ങളുടെ ദൃശ്യവിരുന്നൊരുക്കി പഠനം ആനന്ദപൂര്‍ണ്ണവും ആകര്‍ഷകത്വവുമാക്കുന്ന ഐടി അധിഷ്ഠിത മായാജാല ലോകം കൂട്ടികള്‍ക്കായ് കാഴ്ചവെക്കയാണ് മൂര്‍ക്കനാട് എഇഎംഎയുപി സ്‌കൂള്‍. ഈ വിദ്യാലയത്തിലെ അധ്യാപകനായ വി ശ്യാമിന്റെ ചിന്തയിലാണ് ‘അറിവ് നല്‍കാം, പുതിയ വഴികളിലൂടെ’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഈ ആശയം ഉദിച്ചത്. അധ്യാപകരുടെയെല്ലാം പരിശ്രമഫലമായി ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വി ശ്യാമിന്റെ തന്നെ നേതൃത്വത്തില്‍ സിന്ധു, സുനിത, ജയശ്രീ തുടങ്ങിയ അധ്യാപകരാണ് ആദ്യഘട്ട ക്ലാസ്സുകള്‍ അവതരിപ്പിച്ചത്.

കേരളത്തില്‍ തന്നെ ഒരു പൊതു വിദ്യാലയം ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഓഗ്യുമെന്റഡ് റിയാലിറ്റി വഴിയുള്ള പഠന തന്ത്രം ആവിഷ്‌കരിക്കുന്നത്. ഈ പാഠ്യരീതിയിലൂടെ വിദ്യാലയം ഓണ്‍ലൈന്‍ പഠന രംഗത്ത് വലിയൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. ഓഗ്യുമെന്റഡ്-റിയാലിറ്റി ഉള്‍പ്പെടുത്തി ചിത്രീകരിക്കുന്ന ക്ലാസുകള്‍ ക്ലാസ്സുകള്‍ വിദ്യാലയത്തിന്റേതന്നെ യുട്യൂബ് ചാനല്‍ വഴിയും, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. ശാസ്ത്ര വിഷയങ്ങളിലെതടക്കം തയ്യാറാക്കിയ ക്ലാസ്സുകള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനല്‍ വഴി കുട്ടികള്‍ക്ക് നല്‍കുമെന്നാണ് അധ്യാപകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *