പൊളിറ്റിക്കൽ ഡസ്ക്: ഉത്തരപ്രദേശിലെ മുസ്ലിങ്ങൾക്ക് താങ്ങും തണലുമായി കോൺഗ്രസ്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങളെ കോൺഗ്രസിനൊപ്പം ചേർത്തു നിർത്താൻ യു.പിയിൽ മുതിർന്ന നേതാക്കളെ പോലും രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അരക്ഷിതരായ മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധേയമായ ഇടപ്പെടുലുകളാണ് പ്രിയങ്ക ഗാന്ധി വദ്ര നടത്തിവരുന്നത്. ഗോരഖ്പൂരിലെ യൂപിയിലെ യോഗീസർക്കാർ നിരന്തരം പീഡിപ്പിച്ചുവന്നിരുന്ന ഡോക്ടർ ഖഫീൽ ഖാനെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് അയക്കാൻ ഉപദേശിച്ചത് പ്രിയങ്കയാണെന്ന് ഡോക്ടർ തുറന്ന് സമ്മതിച്ചിരുന്നു. കോൺഗ്രസിന് ശക്തിയുളള സംസ്ഥാനത്ത് ഡോ.ഖഫീൽ ഖാന് അഭയം നൽകിയത് യു.പിയിലെ മുസ്ലീങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടിയെ കുറിച്ച് നല്ല മതിപ്പുണ്ടാക്കിയിട്ടുണ്ട്.
ഡോ.ഖഫീൽ ഖാന്റെ മോചനത്തിനുവേണ്ടി കോൺഗ്രസ് 15 ദിവസത്തെ പ്രചരണപരിപാടി സംസ്ഥാനത്ത് സംഘടിപ്പിച്ചു. സത്യാഗ്രഹം, ഒപ്പുശേഖരണം, ദർഗാസന്ദർശനം, രക്തദാനം തുടങ്ങിയ പരിപാടികളാണ് ഡോ.ഖാന്റെ മോചനത്തിനായി കോൺഗ്രസ് സംഘടിപ്പിച്ചത്. ഡോ.ഖാനെ ജൂലൈ മാസം വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ പ്രിയങ്കാഗാന്ധി തുറന്നുവിമർശിച്ചു. ശിശുരോഗവിദഗ്ധനായ ഖഫീലിനു നീതി നൽകുകയെന്നാവിശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാദിന് പ്രിയങ്ക കത്തയച്ചിരുന്നു.
പതിറ്റാണ്ടുകൾക്കുമുമ്പ് കോൺഗ്രസിന്റെ ഉറച്ച വോട്ട്ബാങ്കായിരുന്നു യു.പിയിലെ മുസ്ലീങ്ങൾ. പിന്നീട് മുസ്ലിം വോട്ടുബാങ്ക് എസ്.പി, ബി.എസ്.പി പാർട്ടികളിലേക്ക് ചിതറുകയായിരുന്നു. 2014 ലെ ദേശീയ തിരഞ്ഞെടുപ്പിൽ മുസ്ലിംവോട്ടുകൾ ഗണ്യമായി ബി.ജെ.പിയിലേക്കും മറിഞ്ഞു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപെടുത്താൻ പ്രിയങ്ക തന്നെ നേരിട്ടിറങ്ങിയിരിക്കുകായണ്.