ന്യൂയോർക്ക്‌: കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ എഴുപതിനായിരത്തോളമായി. ഇതിൽ അരലക്ഷത്തോളം മരണം യൂറോപ്പിൽ മാത്രം. അമേരിക്കയിൽ മരണസംഖ്യ പതിനായിരത്തിലേക്ക്‌ അടുക്കുന്നു. 185ൽപ്പരം രാജ്യത്തായി രോഗബാധിതരുടെ എണ്ണം പന്ത്രണ്ടരലക്ഷം കടന്നു. 2,55,619 പേർ രോഗമുക്തരായി.

അമേരിക്കയിൽ ശനിയാഴ്‌ചയും ആയിരത്തിലധികമാളുകൾ മരിച്ചു. ന്യൂയോർക്ക്‌ സംസ്ഥാനത്ത്‌ 630 പേർ മരിച്ചു. ഞായറാഴ്‌ച രാവിലെ സംസ്ഥാനത്ത്‌ മരണസംഖ്യ 4100 കടന്നു. ന്യൂയോർക്ക്‌ നഗരത്തിൽ മാത്രം മരണം മൂവായിരത്തോടടുക്കുന്നു.

യൂറോപ്പിൽ, ലോകത്തേറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽനിന്നും സ്‌പെയിനിൽനിന്നും ആശ്വാസവാർത്തകളുണ്ട്‌. രണ്ടിടത്തും പ്രതിദിന മരണനിരക്ക്‌ തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. 674 പേർകൂടി മരിച്ചതോടെ സ്‌പെയിനിൽ മരണസംഖ്യ 12,418 ആയി. എട്ടു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ്‌ ഞായറാഴ്‌ചത്തേത്‌. ഇറ്റലിയിൽ 525 പേർകൂടി മരിച്ചതോടെ മരണസംഖ്യ 15,887 ആയി. ഫ്രാൻസിൽ മരണസംഖ്യ 8000 കടന്നു. ബ്രിട്ടനിൽ മരണസംഖ്യ അയ്യായിരത്തോടടുക്കുന്നു. ഞായറാഴ്‌ച 621 പേർ മരിച്ചൂ. റഷ്യയിൽ മോസ്‌കോയ്‌ക്കു പുറത്ത്‌ കോവിഡ്‌ ബാധിതർക്കായുള്ള ആശുപത്രി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കൂടാരത്തിൽ തീപിടിച്ച്‌ ഒരാൾ മരിച്ചു. വിവിധ രാജ്യങ്ങളിൽ ക്രൈസ്‌തവർ ഓശാന ഞായർ ആഘോഷിച്ചത്‌ ലളിതമായ നിലയിലാണ്‌. രോഗം രൂക്ഷമായി ബാധിച്ച മറ്റു രാജ്യങ്ങളിലെ മരണസംഖ്യ: ചൈന–-3329, ഇറാൻ–-3603, ജർമനി–-1479, നെതർലൻഡ്‌സ്‌–-1766, ബൽജിയം–-1447.

Leave a Reply

Your email address will not be published. Required fields are marked *