തമിഴ് നടന് രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് ‘മക്കള്‍ സേവൈ കക്ഷി’ എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപനം നടത്തൂ. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയും തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു.
രജനികാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ച് തുടരുന്നത് നാടകീയതകള്‍ നിറഞ്ഞ തിരുമാനങ്ങളാണ്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് പകരം മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ ഭാഗമായാകും രജനിയുടെ രംഗപ്രവേശനം. മക്കള്‍ ശക്തി കഴകത്തിന്റെ പേര് മക്കള്‍ സെവൈ കക്ഷി എന്നാക്കി പരിഷ്ക്കരിച്ചാകും 31ന് പ്രഖ്യാപനം നടത്തുക,.
പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുകയും ചെയ്തു. രജനികാന്ത് ഇപ്പോഴും രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള തിരക്കിട്ട ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്. ചിഹ്നത്തിന് പുറമേ പാര്‍ട്ടിയുടെ കൊടിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടതായാണ് വിവരം. പക്ഷേ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രതികരണത്തിന് സമയമായിട്ടില്ല എന്നാണ് രജനികാന്ത് അനുയായികളുടെ നിലപാട്. ഈ മാസം 31ന് എല്ലാത്തിനും വ്യക്തത ലഭിക്കും എന്നും അവര്‍ അവകാശപ്പെടുന്നു.