പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുഗതാഗതവും മറ്റിടപാടുകളുമെല്ലാം നിര്‍ത്തിവെച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ആഘാതമേറ്റ ഒരു വിഭാഗം അതിഥി തൊഴിലാളികളാണ്. ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് നൂറുകണക്കിന് കിലോ മീറ്ററുകള്‍ അപ്പുറത്തുള്ള തങ്ങളുടെ വീടുകളിലേക്ക് നടക്കുകയാണ് ആയിരക്കണക്കിന് തൊഴിലാളികള്‍.
മാര്‍ച്ച് 25ന് തന്നെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ നടത്തം ആരംഭിച്ചിരുന്നു. അധികം സമ്പാദ്യമോ ഭക്ഷണമോ കയ്യിലില്ലാതെയാണ് ഇവരുടെ നടത്തം.
സൂറത്തില്‍ നിന്നുള്ള ആദിവാസി തൊഴിലാളികള്‍ നടന്നു പോവുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകയായ അനുമേഹ പങ്കുവെച്ചു. മറ്റൊരു സംഘം 500 കിലോ മീറ്റര്‍ അപ്പുറത്തുള്ള ഉനയിലേക്ക് നടക്കാനൊരുങ്ങുകയാണ്.

80 കിലോമീറ്റര്‍ അപ്പുറത്തുള്ള ഉത്തര്‍പ്രദേശിലെ ഉന്നാവോയിലേക്ക് നടക്കുന്ന ഒരു തൊഴിലാളിയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ അലോക് പാണ്ഡെ പങ്കുവെച്ചു.
ലോക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചു എന്ന് ആരോപിച്ച് പെീലീസില്‍ നിന്നുള്ള പീഡനങ്ങളും ഇവര്‍ക്ക് യാത്രക്കിടയില്‍ നേരിടേണ്ടി വരുന്നു. ഗ്വാളിയോറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് പീഡിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് പലായനം ചെയ്യുന്നത്. ഇവര്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുച്ചെുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *