രാജ്യത്തെ കൊവിഡ് മരണം 1218 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 37,336 ആയി. 26,167 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 2293 പോസിറ്റീവ് കേസുകളും 71 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9950 പേർ ഇന്ത്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഗുജറാത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 4721ഉം മരണം 236ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ അഹമ്മദാബാദിൽ മാത്രം 267 കേസുകളും 16 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 223 പുതിയ കേസുകളും രണ്ട് മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3738ഉം മരണം 61ഉം ആയി.

ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഡയറക്ടർമാർക്ക് നൽകിയ നിർദേശം ഡൽഹി സർക്കാർ റദ്ദാക്കി. എങ്ങനെയാണ് കൊവിഡ് പിടിപ്പെട്ടതെന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് മനസിലാക്കി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ആരോഗ്യപ്രവർത്തകരുടെ ക്ഷാമത്തിലും വിശദീകരണം ചോദിച്ചിരുന്നു. നാല് മേഖലകളെ കൂടി ഒഴിവാക്കിയതോടെ രാജ്യതലസ്ഥാനത്തെ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 97 ആയി മാറി. മധ്യപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 2715 ആയി. രാജസ്ഥാനിൽ 82 പേർക്ക് കൂടി പോസിറ്റീവായതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2666 ആയി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *