രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തി മുപ്പതിനായിരം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പുതിയ കേസുകളും 147 മരണവും റിപ്പോര്‍ട്ട് ചെയ്തു. 54440 പേര് രോഗമുക്തരായി. ഇന്ന് പുറത്തുവന്ന ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും മൂവായിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 6767 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള റെക്കോര്‍ഡ് വര്‍ധനവാണിത്. രാജ്യത്താകെ 73560 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമാകുന്നവരുടെ കണക്ക് 42 ശതമാനത്തോളം ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊവിഡ് മരണനിരക്ക് 3.13 ല്‍ നിന്ന് 3.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കൊവിഡ് മരണനിരക്ക്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 50 ശതമാനത്തില്‍ അധികം മഹാരാഷ്ട്രയിലാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളില്‍ വ്യാപകമായി കൊവിഡ് പടരുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.