ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്.

പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യയിലും വൻവർധന രേഖപ്പെടുത്തി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 29,525 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളുടെ 64.57 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 175ആം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുന്നത്. കൊവിഡ് കേസുകൾ 11 ലക്ഷം കടന്നത് തിങ്കളാഴ്ചയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് പോസിറ്റീവ് കണക്ക് 11 ലക്ഷത്തിൽ നിന്ന് 12 ലക്ഷത്തിലേക്ക് എത്തിയത് എന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് നൽകുന്നത്. മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകളാണ്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 29,557 പേർ രോഗമുക്തരായി.

Leave a Reply

Your email address will not be published. Required fields are marked *