രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 294 മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657-മായി ഉയര്‍ന്നു. 6,642 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ഏറെ ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഈ കണക്കുകള്‍.

ലോക്ഡൗണ്‍ ആരംഭിച്ച് 73 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് മാസങ്ങളായി ലോക്ഡൗണ്‍ നീളുമ്പോളും ഇന്ത്യയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലെന്ന് മാത്രമല്ല രോഗം ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉള്ളത്. ഇതോടൊപ്പം മരണനിരക്കും ഉയരുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ലക്ഷൂകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടായിട്ടും ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്തെ ആറാമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. ലോകത്ത് ഇതുവരെയായി 68,51,340 രോഗികളാണ് ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ 3,98,256 ആയി ഉയര്‍ന്നു. രോഗം ഭേദമായത് 33,51,323 പേര്‍ക്ക്. ഒരാഴ്ച്ചക്കിടെ ഇന്ത്യയില്‍ 61,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതും ലോക്ഡൗണ്‍ കാലത്താണ് ഇത്രയും വര്‍ദ്ധ ഇന്ത്യയില്‍ രേഖപ്പെടുത്തിയത് എന്നത് ഏറെ ആശങ്കയോടെ കാണേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ എന്നീ രാജ്യങ്ങളിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരുമുള്ള രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *