ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇതുവരെ 5,08,953 പേരാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രോഗബാധിതതരായത്. 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥീരികരിച്ചത് 18,552 പേര്‍ക്കാണ്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതുവരെ 15,685 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ആകെ രോഗബാധിതരില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. നിലവില്‍ ചികിത്സയില്‍ ഉള്ളത് 1,97,387 പേരാണ്.
ഇന്ത്യയിലെ രോഗമുക്തി നിരക്ക് നിലവില്‍ 58.13 ശതമാനമാണ്. രാജ്യത്ത് 79,96,707 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 2,20,479 പേരുടെ സ്രവം പരിശോധിച്ചു. ഈമാസം 21നാണ് കോവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഡല്‍ഹി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി പത്ത് നഗരങ്ങളില്‍ നിന്നാണ് 54.47 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം എത്താന്‍ ആറ് ദിവസം മാത്രമാണ് എടുത്തത്.
ഡല്‍ഹിയില്‍ 77,000 വും തമിഴ്നാട്ടില്‍ 74,000 വും കേസുകള്‍ പിന്നിട്ടു. ജാര്‍ഖണ്ഡില്‍ അടുത്തമാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഗോവയില്‍ സമൂഹ വ്യാപനം തുടങ്ങിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 46 മരണവും 3523 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ രോഗബാധിതര്‍ 49,690 ആയി. ഗുജറാത്തില്‍ ആകെ കോവിഡ് കേസുകള്‍ 30,158 ഉം മരണം 1772ഉം ആയി. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. ഡല്‍ഹിയില്‍ 63 പേര് കൂടി മരിച്ചു. 3460 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 77,240 ഉം മരണം 2492 ഉം ആയി.