ഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്് 194 മരണവും 6566 കൊറോണ പോസിറ്റീവ് കേസുകളും. ഇതോടെ രാജ്യത്തെ കൊവിഡ് മരണം ആകെ 4531 ആയി. ആകെ കോവിഡ് പോസിറ്റീവ് കേസുകള്‍ 1,58,333 ആയി. 86110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 67691 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുകയാണ്.

817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്നാട്ടില്‍ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *