24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 12,881 കോവിഡ് പോസിറ്റീവ് കേസുകളും 334 മരണവും. ഇതോടെ ഇന്ത്യയില്‍ ആകെ മരണ സംഖ്യ 12,237 ആയി. കോവിഡ് കേസുകള്‍ ആകെ 366946 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലാണ്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നത്. 194324 പേരാണ് ആകെ രോഗമുക്തരായത്. 160384 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് ഇന്ന് മുതല്‍ റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ 169 പരിശോധന കേന്ദ്രങ്ങള്‍ തുറന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഡല്‍ഹിയിലായിരിക്കും കൂടുതല്‍ പരിശോധനകള്‍ നടത്തുക. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. 2414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47102. മരണം 1904 ആയി ഉയര്‍ന്നു.

തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ അരലക്ഷം കടന്നു. മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവന്‍ശ് പ്രസാദ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 50,193 ആയി. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ പോസിറ്റീവ് കേസുകള്‍ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതര്‍ 35556 ആയി.

ഗുജറാത്തില്‍ 520 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളില്‍ മരണസംഖ്യ 500 കടന്നു. ഉത്തര്‍പ്രദേശില്‍ 583ഉം ഹരിയാനയില്‍ 560ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ ആണ് പശ്ചിമ ബംഗാളിലെ രോഗികളില്‍ 56 ശതമാനവുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *