ഇന്ത്യയിൽ കൊവിഡ് മരണം 424 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് മരിച്ചത്. 12,370 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,508 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂവായിരത്തിനോട് അടുക്കുന്നു. 232 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2916 ആയി. 187 ആണ് ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി. മധ്യപ്രദേശിലാകെ 987 കോവിഡ് രോഗികളുണ്ട്. അതേസമയം, മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ മരിച്ചു. ഇദ്ദേഹത്തിന്റെ ശവസംസ്‌കാരം നാട്ടുകാർ ഇടപെട്ട് തടഞ്ഞത് വാർത്തയായി.

അതിനിടെ ലോകത്ത് കൊവിഡ് മരണം 134,615 ആയി. രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. നിലവിൽ 2,083,304 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 510,336 പേർ രോഗമുക്തി നേടി. ലോകത്ത് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *