ചെന്നൈ: ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ചെന്നൈയില്‍ നിന്ന് ഇ- പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു. കൂടുതല്‍ ഇളവ് നല്‍കിയതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു.
കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം. ജനം കടകളിലേക്ക് എത്തുന്നില്ലെന്നും രോഗവ്യാപനം തടഞ്ഞാല്‍ മാത്രമേ സാമ്പത്തിക രംഗം ഉണരൂവെന്നും വ്യാപാര സംഘടനകളും സര്‍ക്കാരിനെ അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇപ്പോള്‍ പാസ് നല്കുന്നുള്ളു. എന്നാല്‍ കേരളത്തിലേക്ക് ഉള്‍പ്പടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള പാസിന് തടസമില്ല.
കൂടാതെ കോവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതിനിടെ ചെന്നൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാജീവ് ഗാന്ധി ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.